സൊമാലിയയില്‍ സഹായം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് നൂറിലധികം ആരോഗ്യ-പോഷകാഹാര കേന്ദ്രങ്ങള്‍ പൂട്ടിയതായി യുണിസെഫ്
സൊമാലിയ:സൊമാലിയയില്‍ സഹായം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് നൂറിലധികം ആരോഗ്യ-പോഷകാഹാര കേന്ദ്രങ്ങള്‍ പൂട്ടിയതായി യുണിസെഫ്
അന്താരാഷ്ട്ര മാനുഷിക സഹായങ്ങളില്‍ വരുത്തിയ വലിയ വെട്ടിക്കുറയ്ക്കല്‍ സൊമാലിയയിലെ കുട്ടികളുടെ ജീവിതം അതീവ ദുരിതത്തിലാക്കിയതായി യുണിസെഫ് മുന്നറിയിപ്പ് നല്‍കി.
ധനസഹായം നിലച്ചതിനെ തുടര്‍ന്ന് രാജ്യത്ത് 205 ആരോഗ്യ-പോഷകാഹാര കേന്ദ്രങ്ങള്‍ ഇതിനകം പ്രവര്‍ത്തനരഹിതമായതായി യുണിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍ അറിയിച്ചു.
ഈ വര്‍ഷത്തെ ആദ്യ ആറുമാസത്തില്‍, ഗുരുതരമായ പോഷകാഹാരക്കുറവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമായി ചികിത്സതേടിയെത്തിയ കുട്ടികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 32 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്.
ഏകദേശം 19 ലക്ഷത്തോളം കുട്ടികളാണ് ഈ വര്‍ഷം പോഷകാഹാരക്കുറവിന്റെ ദുരിതം പേറുന്നത്. ഇതില്‍ അഞ്ച് ലക്ഷത്തോളം കുട്ടികള്‍ ഏറ്റവും മാരകമായ അവസ്ഥയിലുള്ളവരാണ്.
ആരോഗ്യ കേന്ദ്രങ്ങള്‍ പൂട്ടിയതോടെ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ചികിത്സയ്ക്കായി ദൂരെ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നു. ഇത് വൈകിയുള്ള ചികിത്സയ്ക്കും തടയാന്‍ സാധിക്കുമായിരുന്ന മരണങ്ങള്‍ക്കും കാരണമാകുകയാണ്.
വടക്കന്‍ മേഖലയിലെ കടുത്ത വരള്‍ച്ചയും കാലാവസ്ഥാ വ്യതിയാനവും സംഘര്‍ഷങ്ങളും കാരണം സൊമാലിയന്‍ ജനത ദുരിതമനുഭവിക്കുമ്പോള്‍ തന്നെയാണ് അന്താരാഷ്ട്ര തലത്തില്‍ ഫണ്ട് വെട്ടിക്കുറച്ചിരിക്കുന്നത്.
അഞ്ച് വയസ്സിന് താഴെയുള്ള ഏകദേശം ഒരു ദശലക്ഷത്തോളം കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും പോഷകാഹാര സേവനങ്ങള്‍ നഷ്ടപ്പെടാന്‍ ഇത് കാരണമാകും.
16 ലക്ഷത്തിലധികം ആളുകള്‍ക്ക് സുരക്ഷിത കുടിവെള്ളം ലഭിക്കാത്ത അവസ്ഥയുണ്ടെന്നും, എണ്‍പതിനായിരത്തോളം പേര്‍ക്ക് അവശ്യ ശുചീകരണ സാമഗ്രികള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും യുണിസെഫ് വ്യക്തമാക്കുന്നു.