ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരായി വര്‍ധിച്ചു വരുന്ന പീഡനം അവസാനിപ്പിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ട് വത്തിക്കാന്‍

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരായി വര്‍ധിച്ചു വരുന്ന പീഡനം അവസാനിപ്പിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ട് വത്തിക്കാന്‍.
സെപ്റ്റംബര്‍ 29 ന് ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തില്‍ വത്തിക്കാന്‍ വിദേശകാര്യ മന്ത്രിക്ക് സമാനമായ പദവി വഹിക്കുന്ന രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളുമായും ബന്ധത്തിന്റെ ഉത്തരവാദിത്വമുള്ള സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാലഗറാണ് ഈ ആവശ്യം ഉന്നയിച്ചത്.
ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന വിഭാഗമാണ് ക്രൈസ്തവരെന്നും എന്നാല്‍ അന്താരാഷ്ട്ര സമൂഹം അവരുടെ ദുരവസ്ഥയ്ക്ക് നേരെ കണ്ണടയ്ക്കുകയാണെന്നും ആര്‍ച്ചുബിഷപ് ഗാലഗര്‍ പറഞ്ഞു.
ലോകമെമ്പാടും മതന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍, നേരിടുന്ന പീഡനത്തിലേക്ക് ആര്‍ച്ചുബിഷപ് ശ്രദ്ധ ക്ഷണിച്ചു.
36 കോടി ക്രൈസ്തവര്‍ ഉയര്‍ന്ന തോതിലുള്ള പീഡനമോ വിവേചനമോ അനുഭവിക്കുന്ന പ്രദേശങ്ങളിലാണ് താമസിക്കുന്നതെന്നും, സമീപ വര്‍ഷങ്ങളില്‍ പള്ളികള്‍ക്കും വീടുകള്‍ക്കും സമൂഹങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ രൂക്ഷമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദക്ഷിണ സുഡാന്‍, സുഡാന്‍ എന്നിവയടക്കം നിരവധി ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആശങ്കാജനകമായ മേഖലകളായി ആര്‍ച്ചുബിഷപ് ചൂണ്ടിക്കാട്ടി.
ഒരു കത്തോലിക്കാ ഇടവകയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 64 പേരുടെ മരണത്തിന് കാരണമായ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിനെയും ആര്‍ച്ചുബിഷപ് പരാമര്‍ശിച്ചു.
അതേസമയം കോംഗോയും റുവാണ്ടയും തമ്മിലുള്ള ജൂണിലെ സമാധാന കരാറിനെയും കോഗോയും റുവാണ്ടയുടെ പിന്തുണയുള്ള വിമത ഗ്രൂപ്പായ എം23 ഉം തമ്മിലുള്ള ജൂലൈയിലെ സമാധാന ഉടമ്പടിയെയും ആര്‍ച്ചുബിഷപ് പ്രശംസിച്ചു.
ഇസ്രായേലിനും പലസ്തീനുമിടയില്‍ ദ്വിരാഷ്ട്ര പരിഹാരം അടിസ്ഥാനമാക്കിയുള്ള ശാശ്വത സമാധാനം എന്ന പരിശുദ്ധ സിംഹാസനത്തിന്റെ നിലപാട് ആര്‍ച്ചുബിഷപ് ആവര്‍ത്തിച്ചു.
ബന്ദികളെ മോചിപ്പിക്കാനും, സ്ഥിരമായ വെടിനിര്‍ത്തല്‍ കൈവരിക്കാനും, സന്നദ്ധസഹായത്തിന്റെ സുരക്ഷിതമായ പ്രവേശനം സുഗമമാക്കാനും, മാനുഷിക നിയമം പൂര്‍ണമായും മാനിക്കാനും, വിവേചനരഹിതമായ ബലപ്രയോഗവും നിര്‍ബന്ധിത കുടിയിറക്കവും അവസാനിപ്പിക്കാനും ലിയോ മാര്‍പാപ്പ ആവശ്യപ്പെടുന്നതായി ആര്‍ച്ചുബിഷപ് വ്യക്തമാക്കി.