കെഎസ്ഇബിക്ക് കൂടുതല്‍ ആശ്വാസം; എന്‍ടിപിസിയില്‍ നിന്നുള്ള വൈദ്യുതി കരാര്‍ കാലാവധി നീട്ടി, കരാര്‍ നീട്ടാന്‍ സംസ്ഥാന റെഗുലേറ്ററി കമ്മീഷന്‍ കെ.എസ്.ഇ.ബിക്ക് അനുമതി നല്‍കി
 

 
Kseb


 
    
 
തിരുവനന്തപുരം: കെഎസ്ഇബിക്ക് കൂടുതല്‍ ആശ്വാസം. എന്‍ടിപിസിയില്‍ നിന്ന് ലഭിക്കുന്ന 177മെഗാവാട്ട് വൈദ്യുതി മൂന്ന് വര്‍ഷത്തേക്ക് കൂടി ലഭിക്കും. കരാര്‍ നീട്ടാന്‍ സംസ്ഥാന റെഗുലേറ്ററി കമ്മീഷന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കി.

എന്‍ടിപിസിയുടെ ബീഹാറിലുള്ള ബര്‍ഹ് താപവൈദ്യുതി നിലയത്തില്‍ നിന്നാണ് വൈദ്യുതി ലഭിക്കുക. ബര്‍ഹ് സ്റ്റേജ് ഒന്നില്‍ നിന്ന് യൂണിറ്റിന് 5.52 രൂപ നിരക്കില്‍ 80 മെഗാവാട്ടും സ്റ്റേജ് രണ്ടില്‍ നിന്ന് യൂുണിറ്റിന് 4.67 രൂപ നിരക്കില്‍ 97 മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കുക. 

2029 മാര്‍ച്ച് വരെ ഈ വൈദ്യുതി കിട്ടും. സംസ്ഥാനത്ത് നിലനില്‍ക്കുന്ന വൈദ്യുതി ക്ഷാമത്തിന് താല്‍ക്കാലിക ആശ്വാസമേകുന്നതാണ് റെഗുലേറ്ററി കമ്മീഷന്റെ ഈ തീരുമാനം.


സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമൊരുക്കാന്‍ എന്‍ടിപിസി ലിമിറ്റഡിന്റെ പിന്തുണ ലഭിച്ചതായി മന്ത്രി സണ്ണി ജോസഫ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കായംകുളത്ത് 2000 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം നടപ്പാക്കാന്‍ കെഎസ്ഇബിയും എന്‍ടിപിസിയും ഉടന്‍ ധാരണാപത്രം ഒപ്പുവെക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം കെഎസ്ഇബിയുടെ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും എന്‍ടിപിസിയുടെ പ്രൊഫഷണല്‍ വൈദഗ്ധ്യം പ്രയോജനപ്പെടുത്തും. വൈദ്യുതി മേഖലയില്‍ കൂടുതല്‍ കാര്യക്ഷമമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിനാണ് ഈ സഹകരണം. 

അതേസമയം, കേരളത്തിലെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കുന്നതും പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് കെഎസ്ഇബി. ഇതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവിലേക്കാണ് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്.


വിവിധ സമയങ്ങളിലേക്ക് 300 മുതല്‍ 1300 മെഗാവാട്ട് വരെയാണ് വാങ്ങുക. പുലര്‍ച്ചെയും രാത്രിയിലെ പീക്ക് സമയങ്ങളിലും ആവശ്യത്തിന് വൈദ്യുതി ലഭ്യമാകുന്ന രീതിയിലാണ് ടെന്‍ഡര്‍ നടപടികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ മാസം തന്നെ ടെന്‍ഡറുകള്‍ തുറന്ന് തുടര്‍നടപടികളിലേക്ക് കടക്കും.

Tags

Share this story

From Around the Web