സിനഡിന് കൂടുതല്‍ അധികാരങ്ങള്‍; പൗരസ്ത്യ കാനൻ നിയമത്തിൽ പുതിയ പരിഷ്‌കാരങ്ങളുമായി വത്തിക്കാന്‍

 
SYNAD


സിനഡിന് കൂടുതല്‍ അധികാരങ്ങള്‍; പൗരസ്ത്യ കാനന്‍ നിയമത്തില്‍ പുതിയ പരിഷ്‌കാരങ്ങളുമായി വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: പൗരസ്ത്യ സഭകളുടെ സിനഡുകളുടെ അധികാരം വിപുലീകരിക്കുകയും, പാത്രിയര്‍ക്കീസിനെ നീക്കം ചെയ്യുന്നതിനുള്ള പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുകയും ചെയ്തുകൊണ്ട് പൗരസ്ത്യ കാനന്‍ നിയമത്തില്‍ പുതിയ പരിഷ്‌കാരങ്ങളുമായി വത്തിക്കാന്‍. 

'മൂത്തുവ കൊന്‍കോര്‍ദിയ' എന്ന തന്റെ പുതിയ മോത്തു പ്രോപ്രിയോ വഴിയാണ് ലെയോ പതിനാലാമന്‍ പാപ്പ പൗരസ്ത്യ സഭകളുടെ കാനോന്‍ നിയമത്തിലെ 106, 126 കാനോനുകള്‍ ഭേദഗതി ചെയ്തത്. 


പൗരസ്ത്യ സഭകളിലെ പാത്രിയാര്‍ക്കീസിനെ തിരഞ്ഞെടുക്കുന്നതിനുള്ള ശരിയായ ഇടം മെത്രാന്‍ സിനഡാണെന്നും ഇത് സഭയുടെ സഹവര്‍ത്തിത്വ സ്വഭാവത്തെ വെളിപ്പെടുത്തുന്നുവെന്നും മോത്തു പ്രോപ്രിയോയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇത് കേവലം ഒരു നിയമമാറ്റമല്ല, മറിച്ച് പൗരസ്ത്യ സഭകളുടെ സിനഡല്‍ പാരമ്പര്യത്തിന്റെയും സഭാനടത്തിപ്പിലെ അവരുടെ പൊതുവായ ഉത്തരവാദിത്തത്തിന്റെയും ആഴം വര്‍ദ്ധിപ്പിക്കലാണ്. 


പാത്രിയാര്‍ക്കീസും മറ്റ് മെത്രാന്മാരും തമ്മിലുള്ള കൂട്ടായ്മയ്ക്ക് ഗുരുതരമായ തടസ്സം നേരിടുന്ന സാഹചര്യങ്ങളില്‍ ചില സംവിധാനങ്ങള്‍ ഈ നിയമ പരിഷ്‌കരണത്തില്‍ ഉള്‍പ്പെടുന്നു. 

പാത്രിയാര്‍ക്കീസ്, സിനഡിന്റെ വെറുമൊരു അധ്യക്ഷന്‍ മാത്രമല്ല, മറിച്ച് 'ഒന്നാമന്‍' ആണെങ്കിലും, സിനഡുമായുള്ള കൂട്ടായ്മയില്‍ നിന്ന് വേറിട്ട് അദ്ദേഹത്തിന്റെ ശുശ്രൂഷയെ മനസ്സിലാക്കാനാവില്ല.

അടിയന്തര സാഹചര്യങ്ങളില്‍ ഈ ബന്ധം ഗുരുതരമായി തകര്‍ന്നാല്‍, പാത്രിയാര്‍ക്കീസിനോട് വിശദീകരണം ചോദിക്കാനും ആവശ്യമെങ്കില്‍ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനും സിനഡിന് അധികാരം ഉണ്ടായിരിക്കും. പുതിയ മാറ്റങ്ങളില്‍ പാത്രിയാര്‍ക്കീസിനെ നീക്കം ചെയ്യുന്നതിനുള്ള കൃത്യമായ നടപടിക്രമങ്ങളും ഉള്‍പ്പെടുന്നു. 

126-ാം കാനോനിലെ 4-ാം ഖണ്ഡിക പ്രകാരം, ഗുരുതരമായ കാരണത്താല്‍ സിനഡ് ആവശ്യപ്പെട്ട രാജിക്കത്ത് പാത്രിയാര്‍ക്കീസ് സ്വീകരിച്ചില്ലെങ്കില്‍, വോട്ടവകാശമുള്ള ഏറ്റവും മുതിര്‍ന്ന മെത്രാന്‍ പുതിയ സിനഡ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് നേതൃത്വം നല്‍കണം.

തുടര്‍ന്ന് രഹസ്യ വോട്ടിംഗിലൂടെ സിനഡ് നീക്കം ചെയ്യല്‍ പ്രക്രിയ നടത്തണം. ഇതിനായി വോട്ടവകാശമുള്ള അംഗങ്ങളുടെ മൂന്നില്‍ രണ്ട് വോട്ട് ആവശ്യമാണ്. പാത്രിയര്‍ക്കീസിന് സിനഡിന് മുന്നില്‍ സ്വയം പ്രതിരോധിക്കാനുള്ള പൂര്‍ണ്ണ അവകാശമുണ്ടാകും, എന്നാല്‍ അന്തിമ തീരുമാനം പാപ്പയുടെ അംഗീകാരത്തിന് വിധേയമായിരിക്കും. 

പൗരസ്ത്യ പാത്രിയര്‍ക്കല്‍ സഭകളുടെ ആഭ്യന്തര സ്വയംഭരണാധികാരത്തിന് വ്യക്തമായ നിയമപരിരക്ഷ നല്‍കാനാണ് പാപ്പ ഇതിലൂടെ ശ്രമിക്കുന്നതെന്നൂ വത്തിക്കാന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ പരിഷ്‌കരണങ്ങള്‍, അവയുടെ സ്വഭാവമനുസരിച്ച്, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭകള്‍ക്കും ബാധകമാണ്.

Tags

Share this story

From Around the Web