ചെയർമാനെതിരേ കൂടുതൽ തെളിവുകൾ; പി.എസ്.സി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും.നിയമോപദേശം അനുകൂലമായാൽ ബൈജുവിനും കുരുക്ക് മുറുകും
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിനെതിരായ നടപടികൾ കടുപ്പിക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം.
ചെയർമാനെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിൻെറ നീക്കം.
അതിന് മുന്നോടിയായി നിയമ വിദഗ്ധരിൽ നിന്ന് അന്വേഷണസംഘം നിയമോപദേശം തേടി.
ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ മാറിനിൽക്കുന്ന സാഹചര്യത്തിലാണ് പി.എസ്.സി ചെയർമാൻ എം.ആർ.ബൈജുവിനെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് നീങ്ങാൻ പ്രത്യേക അന്വേഷണ സംഘം ആലോചിച്ചത്.
എന്നാൽ ക്രൈംബ്രാഞ്ച് നീക്കം തിരിച്ചറിഞ്ഞ ബൈജു ചോദ്യം ചെയ്യലിന് ഹാജരാകാതെ മാറിനിൽക്കുകയാണ് ചെയ്തത്.
എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിധി വന്നതിനുശേഷം മാത്രമേ ചോദ്യം ചെയ്യലിന് ഹാജരാകൂ എന്ന നിലപാടിലാണ് ചെയർമാൻ എം.ആർ. ബൈജു.
അന്വേഷണസംഘം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവർത്തിച്ച് നോട്ടീസ് നൽകിയിട്ടും അദ്ദേഹം വിട്ടുനിൽക്കുകയായിരുന്നു.
അറസ്റ്റ് മുന്നിൽ കണ്ടാണ് ചെയർമാൻ ഈ നിലപാട് സ്വീകരിച്ചതെന്ന് ഏറെക്കുറെ വ്യക്തമാണ്.
ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിർണയത്തിലെ ക്രമക്കേട് സാങ്കേതിക പിഴവാണെന്ന പി.എസ്.സിയുടെ വാദം തളളുന്ന തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
56 ചോദ്യങ്ങളുടെ ഉത്തരം മൂല്യനിർണയം നടത്താതെ വിട്ടത് സാങ്കേതിക പിഴവ് കൊണ്ടാണോയെന്ന് തിരിച്ചറിയുന്നതിനായി ഡെമോ ടെസ്റ്റ് നടത്തിയാണ് ക്രൈംബ്രാഞ്ച് നിർണായക തെളിവിലേക്ക് എത്തിയത്.
പരീക്ഷയിൽ സംഭവിച്ചത് വെറുമൊരു സാങ്കേതിക പിഴവല്ല,മറിച്ച് ആസൂത്രിതമായ ക്രമക്കേടാണ് എന്നാണ് അന്വേഷണസംഘത്തിൻെറ കണ്ടെത്തൽ.
ഇത് പി.എസ്.സിക്കും ചെയർമാനും വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. ക്രമക്കേടിൽ പി.എസ്.സി ചെയർമാൻ ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായും സൂചനയുണ്ട്.
നിയമോപദേശം ലഭിച്ചാലുടൻ അടിയന്തര നടപടികളിലേക്ക് കടക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
വരും ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട മറ്റ് പരാതികളിലും വിശദമായ അന്വേഷണം നടക്കും. ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ പി.എസ്.സി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനായി വിളിപ്പിക്കും.
നിയമോപദേശം അനുകൂലമായാൽ പി.എസ്.സി ചെയർമാനെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള വൻ നടപടികൾക്കാവും കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
പരീക്ഷാ ക്രമക്കേടിൽ നിലവിൽ രണ്ട് പേരാണ് അറസ്റ്റിലായിട്ടുളളത്.
പി.എസ്.സിയിൽ നിന്ന് ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ച സതീഷ്, നിലവിൽ സർവീസിലുളള ഡെപ്യൂട്ടി സെക്രട്ടറി ഹരി എന്നിവരാണ് അറസ്റ്റിലായത്