സംസ്ഥാനത്ത് സ്‌കൂള്‍ കുട്ടികളും യുവാക്കളും ഉള്‍പ്പെട്ട മയക്കുമരുന്ന് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എറണാകുളം ജില്ലയിലാണെന്ന് ഹൈക്കോടതി

​​​​​​​

 
HIGH COURT

കൊച്ചി: സംസ്ഥാനത്ത് സ്‌കൂള്‍ കുട്ടികളും യുവാക്കളും ഉള്‍പ്പെട്ട മയക്കുമരുന്ന് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എറണാകുളം ജില്ലയിലാണെന്ന് ഹൈക്കോടതി.

സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന മയക്കുമരുന്ന് ദുരുപയോഗ ഭീഷണി തടയുന്നതിനുള്ള സംസ്ഥാനത്തിന്റെ നടപടികള്‍ ഫലപ്രദമല്ലെന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജംദാര്‍, ജസിറ്റിസ് സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

കേരള സ്റ്റേറ്റ് ലീഗസ് സര്‍വീസസ് അതോറിറ്റി(കെല്‍സ)യും രണ്ട് കുട്ടികളുടെ അമ്മമാര്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളും പരിഗണിക്കുകയായിരുന്നു കോടതി.

പ്രശ്നം പരിഹരിക്കുന്നതിനുള്ള കര്‍മ പദ്ധതി തയ്യാറാക്കണമെന്നും കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. 2015 മുതല്‍ 2024 വരെ 18 വസയില്‍ താഴെയുള്ള കുട്ടികള്‍ ഉള്‍പ്പെട്ട ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ എറണാകുളം സിറ്റിയിലാണ് രേഖപ്പെടുത്തിയതെന്ന് ആഭ്യന്തര വകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ആകെ 53 കേസുകളാണ് നഗരത്തില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഡേറ്റയില്‍ നിന്നും പ്രാദേശിക പ്രവണതകള്‍, പ്രായത്തിനനുസരിച്ച് ഉണ്ടാകുന്ന ദൗര്‍ബല്യം തുടങ്ങി മയക്കുമരുന്നുപയോഗത്തിന്റെ കാരണങ്ങള്‍ എന്നിവ മനസിലാക്കാന്‍ കഴിയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇതിനായി ഒരു കേന്ദ്രീകൃത പഠനം ആവശ്യമാണ്. അതിന് ശേഷം മാത്രമേ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ എന്നും കോടതി കൂട്ടിച്ചേര്‍ത്തു.

പ്രത്യേക പദ്ധതി രൂപീകരിക്കാന്‍ എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നിര്‍ദേശം നല്‍കി. ഫൊറന്‍സിക് ലാബുകളില്‍ ആവശ്യത്തിന് സ്റ്റാഫുകള്‍ ഇല്ലാത്തത് മയക്കുമരുന്ന് കേസുകളുടെ നടത്തിപ്പിനെ ബാധിക്കുന്നു്ട്.

ഫൊറന്‍സിക് റിപ്പോര്‍ട്ട് കിട്ടാത്തതിനാല്‍ കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്ന എത്ര കേസുകളുണ്ടെന്ന് അറിയിക്കാന്‍ ഹൈക്കോടതി രജിസ്ട്രിയോട് നിര്‍ദേശിച്ചു.

സര്‍ക്കാരും വിശദീകരണം നല്‍കണം. പോക്സോ കേസുകളില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാത്തത് കേസുകളുടെ നടത്തിപ്പിനെ ബാധിക്കുന്നതായും കോടതി നിരീക്ഷിച്ചു.

Tags

Share this story

From Around the Web