കടലിൽ ജീവൻ പൊലിയുന്നവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയുണ്ടാവണം: സാന്ത് എജിദിയോ സമൂഹം
മെഡിറ്ററേനിയൻ കടലിലൂടെ, കുടിയേറ്റം നടത്തുന്ന ആളുകളിൽ നിരവധിപേരുടെ ജീവൻ കടലിൽ പൊലിയുന്നത് ഏറെ വേദനാജനകമാണ്. ഈസ്റ്റർ രാത്രിയിലും , എഴുപതിലധികം ആളുകളുടെ ജീവനാണ് നഷ്ടപ്പെട്ടത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സാന്ത് എജിദിയോ സമൂഹം അനുശോചനം രേഖപ്പെടുത്തുകയും, ആവർത്തിക്കപ്പെടാതിരിക്കുവാൻ സത്വരമായ നടപടികൾ കൈക്കൊള്ളുവാൻ ആവശ്യപ്പെടുകയും ചെയ്തു.
അപകടത്തിൽ പെടുന്ന ജീവൻ രക്ഷിക്കുന്നതിനായി കടലിൽ, രക്ഷാപ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കാൻ ദേശീയ, യൂറോപ്യൻ ഭരണകൂടങ്ങളോട് സമൂഹം അഭ്യർത്ഥിച്ചു. തൊഴിൽ തേടി എത്തുന്നവർക്ക്, പ്രവേശന വഴികൾ പ്രോത്സാഹിപ്പിക്കേണ്ടത്, ഇറ്റാലിയൻ സമൂഹത്തിനു ഏറെ ആവശ്യമാണെന്നും സംഘടനയുടെ വാർത്താക്കുറിപ്പിൽ പറഞ്ഞു.
യുദ്ധത്തിൽ തകർന്ന രാജ്യങ്ങളിൽ നിന്ന് പലായനം ചെയ്യുന്നവർക്ക്, സാന്ത് എജിദിയോ സമൂഹം വിവിധ സംഘടനകളുമായി ചേർന്ന്, മാനുഷിക ഇടനാഴികൾ പോലെയുള്ള സൗകര്യങ്ങൾ കഴിഞ്ഞ പത്തു വർഷങ്ങളായി ചെയ്തു പോരുന്നു. ഇതുവരെ 8,500-ലധികം ആളുകൾക്ക് സുരക്ഷിതമായി യൂറോപ്പിൽ എത്താൻ ഈ പ്രവർത്തനങ്ങൾ സഹായമൊരുക്കിയിട്ടുണ്ട്.