ശസ്ത്രക്രിയ മുടങ്ങിയിട്ട് മാസങ്ങള്‍; പേരൂര്‍ക്കട ഇ എസ് ഐ ആശുപത്രിയില്‍ രോഗികള്‍ ദുരിതത്തില്‍
തിരുവനന്തപുരം: പേരൂര്‍ക്കട ഇഎസ്‌ഐ ആശുപത്രിയില്‍ ശസ്ത്രക്രിയ മുടങ്ങി രോഗികള്‍ ദുരിതത്തില്‍. മാസങ്ങളായി കീ ഹോള്‍ സര്‍ജറി നടക്കുന്നില്ല. ലാപ്രോസ്‌കോപ്പി മെഷീന്‍ തകരാറിലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ഇഎസ്‌ഐ പരിരക്ഷയുള്ള രോഗികള്‍ ആശ്രയിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ആധുരാലയമാണ് പേരൂര്‍ക്കട ഇഎസ്‌ഐ ഹോസ്പിറ്റല്‍.
മാസങ്ങളോളമായി ഇവിടെ കീഹോള്‍ ശസ്ത്രക്രിയ മുടങ്ങിയിട്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് പോലും ശാസ്ത്രക്രിയ നടക്കുന്നില്ല.
ലാപ്രോസ്‌കോപ്പി മെഷീന്‍ തകരാറില്‍ എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. തകരാര്‍ പരിഹരിക്കാന്‍ നാല്പതിനായിരം രൂപ വേണം. പണം ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ട് ദിവസം കുറച്ചായി. പ്രശ്‌നം പരിഹരിച്ചാല്‍ സര്‍ജറി തുടങ്ങാം.
എന്നാല്‍ ആരോഗ്യവകുപ്പില്‍ നിന്ന് തുടര്‍നടപടി ഇല്ലെന്നാണ് ഡോക്ടര്‍മാരും പറയുന്നത്. മറ്റു സര്‍ജറികള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ അടക്കം റഫര്‍ ചെയ്യുമെങ്കിലും ലാപ്രോസ്‌കോപ്പി ശസ്ത്രക്രിയയ്ക്ക് അത്തരം നടപടി പാടില്ല എന്നാണ് നിയമം. അതിനാല്‍ രോഗികള്‍ ആശങ്കയിലാണ്.