മാസപ്പടി കേസ്: പിണറായിക്ക് തിരിച്ചടി; കേസെടുക്കാമെന്ന് കോടതി, എഫ്‌ഐആര്‍ ഇടാന്‍ കോടതി നിര്‍ദേശം നല്‍കി
തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനും തിരിച്ചടി. ഇഡി റിപ്പോര്‍ട്ടില്‍ കേസെടുക്കാമെന്ന് കോടതി.
എഫ്‌ഐആര്‍ ഇടാന്‍ കോടതി നിര്‍ദേശം നല്‍കി. ഇതോടെ സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ്.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന നിലപാടായിരുന്നു ഹരജിക്കാരനും, ഇഡിയും കോടതിയില്‍ സ്വീകരിച്ചത്.
പ്രാഥമിക അന്വേഷണം നടത്തി വസ്തുതകള്‍ ബോധ്യപ്പെട്ടാല്‍ രജിസ്റ്റര്‍ ചെയ്യുമെന്ന സുപ്രിംകോടതി വിധികള്‍ ഉണ്ടെന്നും, അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി നല്‍കിയ രേഖകള്‍ കോടതി വിളിച്ചു വരുത്തിയിരുന്നു.
മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കള്‍ക്ക് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം നോട്ടീസ് അയച്ചിരുന്നു. റിയാസ് മന്ത്രിയായിരിക്കെ സമ്പാദിച്ച പണം സുഹൃത്തുക്കള്‍ മുഖേന വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം.
മുഖ്യമന്ത്രിയായിരിക്കെ മകള്‍ വീണ വഴി പിണറായി വിജയന്‍ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കണ്ടെത്തല്‍.
വിഷയത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കാട്ടി ഇഡി സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖറിന് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. പിന്നാലെയാണ് ആഭ്യന്തരവകുപ്പിന്റെ കൂടുതല്‍ ഇടപെടലുകള്‍.