മാസപ്പടിക്കേസ്: വിവാദമായ റെഡ്ബുക്കില്‍ ഉള്ളത് റിയാസുമായി ബന്ധപ്പെട്ട പണമിടപാട് രേഖകള്‍, ഹവാല ഇടപാട് വീണ സമ്മതിച്ചിട്ടുണ്ടെന്ന് ഇഡി
കൊച്ചി: മാസപ്പടി കേസില്‍ മുന്‍ മന്ത്രി പി.എ മുഹമ്മദ് റിയാസിനെയും ഭാര്യ ടി. വീണയെയും കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് വിവാദമായ 'റെഡ് ബുക്കി'ല്‍ ഉള്ളത് റിയാസുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ വിവരങ്ങളാണെന്നും, ഹവാല ഇടപാടുകള്‍ നടത്തിയതായി വീണ സമ്മതിച്ചിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.
ദുബൈയിലുള്ള വി.പി ഫൈജാസിന് പണം അയച്ചതിന്റെ വിവരങ്ങളും, 'റെഡ് ബുക്കി'ല്‍ ഇതിന്റെ കണക്കുകള്‍ രേഖപ്പെടുത്തിയത് വീണയാണെന്നുമുള്ള വിശദാംശങ്ങളാണ് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച കത്തില്‍ പറയുന്നത്. റെഡ് ബുക്കിലെ ചില താളുകളുടെ പകര്‍പ്പുകളും കണക്കുകളും സഹിതമാണ് ഇ ഡി ഡിജിപിക്ക് കത്ത് നല്‍കിയത്.
ചോദ്യം ചെയ്യലില്‍ ഉയര്‍ന്നുവന്ന രേഖകളുടെ അടിസ്ഥാനത്തില്‍, വിദേശത്തേക്ക് പണം കൈമാറിയ കാര്യം വീണ സമ്മതിച്ചതായും ഇഡി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ഹവാല വഴി പണം കടത്തിയതിലും വിദേശത്ത് നിക്ഷേപം നടത്തിയതിലും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് ഇഡി സംസ്ഥാന പൊലീസിന് കത്തുനല്‍കിയിരിക്കുന്നത്.
വീണയ്ക്ക് സ്വന്തമായി പ്രത്യേക വരുമാനമില്ലാതിരുന്ന കാലയളവില്‍ നടന്ന ഇടപാടുകളാണിതെന്നും, ഈ തുക മുഴുവന്‍ മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ടതാണെന്നുമാണ് അന്വേഷണ ഏജന്‍സിയുടെ വിലയിരുത്തല്‍.
പൊലീസ് കേസിനായി കാത്തുനില്‍ക്കാതെ ഹവാല, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമങ്ങള്‍ പ്രകാരം ഇഡി തന്നെ നേരിട്ട് കേസ് എടുക്കാനുള്ള നീക്കത്തിലാണ്. കേസില്‍ സിഎംആര്‍എല്‍ കമ്പനി ഉദ്യോഗസ്ഥരെയും ഓഡിറ്റര്‍മാരെയും ചോദ്യം ചെയ്ത ശേഷം തുടര്‍നടപടികളിലേക്ക് കടക്കും.