സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു, ഞായറാഴ്ച 12 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കാലവർഷം വീണ്ടും ശക്തിപ്രാപിക്കുന്നു. വരും ദിവസങ്ങളിൽ മഴ സജീവമാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് രംഗത്തെത്തി.
ഇതിന്റെ ഭാഗമായി ഞായറാഴ്ച സംസ്ഥാനത്തെ 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഒമ്പത് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും മറ്റ് അപകടസാധ്യതയുള്ള പ്രദേശങ്ങളിലും ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ജൂൺ ഒന്നു മുതൽ 25 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 33 ശതമാനം മഴയുടെ കുറവാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.