കാലവര്‍ഷക്കെടുതി: 26 മരണം, നാലുപേരെ കാണാതായി, മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം; രാജേഷിന്റെ വീട് സര്‍ക്കാര്‍ നിര്‍മ്മിച്ചുനല്‍കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 26 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി മുഖ്യമന്ത്രി വി ഡി സതീശന്‍. 11 പേര്‍ക്ക് അപകടം പറ്റിയിട്ടുണ്ട്. നാലുപേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്ത് 462 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ആകെ 27,048 പേര്‍ ക്യാമ്പിലുണ്ട്. 1882 ഹെക്ടര്‍ കൃഷി നഷ്ടമുണ്ടായിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് 66.44 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. 23, 537 കര്‍ഷകരെ മഴക്കെടുതി ബാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ ധനസഹായം നല്‍കും. വീട്ടില്‍ വെള്ളം കയറിയവര്‍ക്ക് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പതിനായിരം രൂപ നല്‍കും. മരിച്ചവരുടെ സംസ്‌കാരം നടത്താന്‍ പതിനായിരം രൂപ ധനസഹായം നല്‍കും. നേരത്തെ വീട് പൂര്‍ണമായും നശിച്ചവര്‍ക്ക് വീടു നിര്‍മ്മിക്കാന്‍ നല്‍കിയിരുന്നത് നാലു ലക്ഷം രൂപയാണ്. അത് ആറു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം വാങ്ങി വീടുവെക്കാന്‍ നേരത്തെ നല്‍കിയിരുന്നത് 10 ലക്ഷം രൂപയാണ്. അത് 12 ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.