ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പുതിയ സെക്രട്ടറിയായി മോൺസിഞ്ഞോർ റൂയിസ്
2015 മുതൽ വത്തിക്കാൻ വാർത്താവിനിമയ വകുപ്പിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന അർജന്റീനിയക്കാരനായ മോൺസിഞ്ഞോർ ലൂസിയോ റൂയിസിനെ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പുതിയ സെക്രട്ടറിയായി നിയമിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. ‘അപ്പസ്തോലിക് അൽമോണറി’ എന്ന പേരിൽ പൊതുവെ അറിയപ്പെടുന്ന ഈ വകുപ്പിൽ 2026 സെപ്റ്റംബർ ഒന്നിന് അദ്ദേഹം ചുമതലയേൽക്കും.
മാർപാപ്പയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മാനുഷിക പ്രോജക്ടുകൾക്കും നേതൃത്വം നൽകുന്ന പ്രധാന വകുപ്പാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ഡിക്കാസ്റ്ററി. ജൂൺ 30 നാണ് ഈ നിയമന പ്രഖ്യാപനം ഉണ്ടായത്. വത്തിക്കാൻ ഭരണസംവിധാനത്തിൽ അടുത്തിടെയുണ്ടായ ഭരണപരമായ മാറ്റങ്ങളുടെ തുടർച്ചയായാണ് ഈ നിയമനം. വാർത്താവിനിമയ വകുപ്പിന്റെ പുതിയ പ്രീഫെക്ട് ആയി മോണ്ട്സെററ്റ് അൽവാരാഡോയെ ജൂൺ രണ്ടിന് നിയമിച്ചിരുന്നു. ജീവകാരുണ്യ വകുപ്പിന്റെ തലവനായി (അപ്പസ്തോലിക് അൽമോണർ) സ്പാനിഷ് അഗസ്റ്റീനിയൻ ബിഷപ്പ് ലൂയിസ് മാരിൻ ഡി സാൻ മാർട്ടിൻ കഴിഞ്ഞ മാർച്ച് മുതൽ സേവനമനുഷ്ഠിക്കുന്നുണ്ട്.
സെപ്റ്റംബർ ഒന്ന് മുതൽ ബിഷപ്പ് മാരിൻ ഡി സാൻ മാർട്ടിനൊപ്പം മോൺസിഞ്ഞോർ ലൂസിയോ റൂയിസ് പുതിയ ദൗത്യം ആരംഭിക്കും. വാർത്താവിനിമയ വകുപ്പ് രൂപീകരിച്ച കാലം മുതൽ (അന്ന് സെക്രട്ടേറിയറ്റ് ഫോർ കമ്മ്യൂണിക്കേഷൻ എന്നായിരുന്നു പേര്) അദ്ദേഹം അതിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മാധ്യമ-വാർത്താവിനിമയ രംഗത്തെ നീണ്ട നാളത്തെ പ്രവർത്തനപരിചയം കണക്കിലെടുത്ത് 2015 ജൂൺ 27 നാണ് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ കമ്മ്യൂണിക്കേഷൻ സെക്രട്ടറിയായി നിയമിക്കുന്നത്. ലാറ്റിനമേരിക്കൻ സഭയുടെ ഇൻഫർമേഷൻ നെറ്റ്‌വർക്കിന്റെ ഉപദേശകനായും, ‘അവർ ലേഡി ഓഫ് ഗ്വാഡലൂപ്പ’ ട്രെയിനിംഗ് ആന്റ് ഡെവലപ്‌മെന്റ് സെന്ററിന്റെ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഹോളി ക്രോസിൽ കമ്മ്യൂണിക്കേഷൻ ഫാക്കൽറ്റി അധ്യാപകനും പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ വിസിറ്റിംഗ് ലക്ചററുമാണ് അദ്ദേഹം. 2025 ജനുവരിയിൽ നടന്ന മാധ്യമലോകത്തിന്റെ ജൂബിലി (Jubilee of the World of Communication) ആഘോഷങ്ങളുടെയും, തൊട്ടടുത്ത ജൂലൈയിൽ നടന്ന ഡിജിറ്റൽ മിഷനറിമാരുടെയും കത്തോലിക്കാ ഇൻഫ്ലുവൻസർമാരുടെയും ജൂബിലി സംഗമത്തിന്റെയും സംഘാടനത്തിൽ അദ്ദേഹം പ്രധാനപങ്ക് വഹിച്ചിരുന്നു.
ഇതോടൊപ്പം, നിലവിൽ ജീവകാരുണ്യ വകുപ്പിലെ ഉദ്യോഗസ്ഥനായ മാസിമോ റാലിയെ ഇതേ വകുപ്പിന്റെ പുതിയ അണ്ടർ സെക്രട്ടറിയായും മാർപാപ്പ നിയമിച്ചിട്ടുണ്ട്. ഇദ്ദേഹവും സെപ്റ്റംബർ ഒന്നിന് പുതിയ ചുമതലയേൽക്കും.