നീണ്ട യുദ്ധങ്ങള്‍ ഒഴിവാക്കുവാന്‍ നയതന്ത്രബന്ധം ശക്തിപ്പെടുത്തണം: മോണ്‍സിഞ്ഞോര്‍ യൂജിന്‍ നുജെന്റ്

 
eugine

അത്യന്തം നാടകീയമായ യുദ്ധസാഹചര്യത്തില്‍, തുടര്‍ച്ചയായ സ്‌ഫോടന ശബ്ദങ്ങളും, നിര്‍ത്താതെയുള്ള സൈറണുകളും ജനങ്ങളുടെ ഉറക്കം പോലും നഷ്ടപ്പെടുത്തുന്ന സ്ഥിതിയാണ് മധ്യപൂര്‍വേഷ്യയില്‍, പ്രത്യേകിച്ചും കുവൈറ്റില്‍ ഉള്ളതെന്ന് എടുത്തു പറഞ്ഞുകൊണ്ട്, കുവൈറ്റ്, ബഹ്റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്കുള്ള വത്തിക്കാന്‍ അപ്പസ്‌തോലിക നൂണ്‍ഷ്യോ, മോണ്‍സിഞ്ഞോര്‍ യൂജിന്‍ നുജെന്റ്, വത്തിക്കാന്‍ മാധ്യമത്തോട് സംസാരിച്ചു. 

യുദ്ധത്തില്‍, സൈനിക താവളങ്ങളും വിമാനത്താവളങ്ങളുമാണ് പ്രധാന ലക്ഷ്യങ്ങളെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 28 ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്,  ഏവരെയും ഏറെ അത്ഭുതപ്പെടുത്തിയെന്നു പറഞ്ഞ മോണ്‍സിഞ്ഞോര്‍ യൂജിന്‍, പരിശുദ്ധ പിതാവിന്റെ, സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയും, സംഭാഷണത്തിനും ചര്‍ച്ചകള്‍ക്കും വേണ്ടിയുള്ള അഭ്യര്‍ത്ഥനയും, അറബി നാട്ടില്‍ എല്ലാവരും സന്തോഷത്തോടെ സ്വീകരിക്കുകയും, പങ്കുവയ്ക്കുകയും ചെയ്തുവെന്നും കൂട്ടിച്ചേര്‍ത്തു.

 ഈ സമയത്ത് പ്രാര്‍ത്ഥനയിലേക്കും ഐക്യദാര്‍ഢ്യത്തിലേക്കും ആളുകളെ ക്ഷണിച്ചുകൊണ്ട് വടക്കന്‍ അറേബ്യയിലെ അപ്പസ്‌തോലിക് വികാരി ബിഷപ്പ് ആല്‍ദോ  ബെരാര്‍ദിയുടെ സന്ദേശത്തിനും ഏറെ സ്വീകാര്യത ലഭിച്ചുവെന്നും മോണ്‍സിഞ്ഞോര്‍ പറഞ്ഞു.

ഭരണാധികാരികളും, നയതന്ത്ര പ്രതിനിധികളുമായും തങ്ങള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നുവെങ്കിലും, ഒരു യുദ്ധം ആരംഭിച്ചുകഴിഞ്ഞാല്‍, അത് എപ്പോള്‍ അവസാനിക്കുമെന്ന് ആര്‍ക്കും അറിയില്ലയെന്നുള്ളതാണ് ദുഃഖകരമായ സത്യമെന്നും മോണ്‍സിഞ്ഞോര്‍ പങ്കുവച്ചു. 

 ഈ യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗം നയതന്ത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും നോമ്പു-റമദാന്‍ കാലത്തായതിനാല്‍, സമാധാനത്തിനായി ദൈവത്തോട് യാചിക്കാമെന്നും അദ്ദേഹം പറഞ്ഞു.

വടക്കന്‍ അറേബ്യയിലെ അപ്പസ്‌തോലിക് വികാരി ബിഷപ്പ് ആല്‍ദോ  ബെരാര്‍ദിയുമായും, കുവൈറ്റ്, ബഹ്റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ ഇടവക വൈദികരുമായും താന്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും, ചില ദേവാലയങ്ങളൊഴികെ, മറ്റു പള്ളികളെല്ലാം ഈ ദിവസങ്ങളില്‍ അടച്ചിട്ടിരിക്കുകയാണെന്നും, എന്നാല്‍ സ്വകാര്യമായി വിശുദ്ധ ബലികള്‍ അര്‍പ്പിക്കുന്നുണ്ടെന്നും അദ്ദേഹം പങ്കുവച്ചു.

Tags

Share this story

From Around the Web