മമ്മി-പപ്പാ, ഐ ലവ് യൂ; ഞാന്‍ ദൂരേക്ക് പോവുകയാണ്, ക്ഷമിക്കണം': നീറ്റ് പരീക്ഷാ സമ്മര്‍ദം: മണിക്കൂറുകള്‍ക്കിടെ ജീവനൊടുക്കിയത് രണ്ട് വിദ്യാര്‍ഥികള്‍

 
SCREENSHOT


ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോര്‍ച്ചയെത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയതില്‍ മനംനൊന്ത് 23 വയസുകാരി ആത്മഹത്യ ചെയ്തു. 

ഡെഹ്റാഡൂണിലെ പട്ടേല്‍ നഗറിലാണ് യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി എഴുതിയതെന്ന് സംശയിക്കുന്ന കുറിപ്പും കണ്ടെത്തി.

മെഡിക്കല്‍ രംഗത്ത് കരിയര്‍ കെട്ടിപ്പടുക്കുക എന്ന ആഗ്രഹത്തോടെ യുവതി ദീര്‍ഘനാളായി നീറ്റ് പരീക്ഷയ്ക്കായി തയാറെടുക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പരീക്ഷയെഴുതിയിട്ടും യോഗ്യത നേടാനാവാത്തത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. 

കണ്ടെടുത്ത കുറിപ്പില്‍ വൈകാരികമായ സന്ദേശമാണ് ഉണ്ടായിരുന്നതെന്നും 'മമ്മി-പപ്പ, ഐ ലവ് യൂ' എന്ന് എഴുതിയാണ് മാതാപിതാക്കളെ സംബോധന ചെയ്‌തെന്നും പൊലീസ് കൂട്ടിചേര്‍ത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി അയച്ചു.

പരീക്ഷ റദ്ദാക്കിയതില്‍ മനംനൊന്ത് സിക്കാറിലും 22 വയസുകാരന്‍ മരിച്ചു. മെയ് മാസത്തിലെ പരീക്ഷയക്കായി തയാറെടുത്ത് ഒടുവില്‍ മാനസികമായി തകര്‍ന്നതിനെ തുടര്‍ന്ന് ഉമേഷ് എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. 

ഉമേഷിന്റെ മൂന്നാമത്തെ ശ്രമമായിരുന്നു ഇത്. മുന്‍പ് കോച്ചിംഗ് സെന്ററുകളില്‍ പഠിച്ചിരുന്നെങ്കിലും, ഇപ്പോള്‍ വീട്ടിലിരുന്നാണ് റീ-ടെസ്റ്റിനായി തയാറെടുത്തിരുന്നത്.

അമ്മയ്ക്കും രണ്ട് സഹോദരങ്ങള്‍ക്കുമൊപ്പം സിക്കാറിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് ഉമേഷ് താമസിച്ചിരുന്നത്. പിതാവ് മുംബൈയില്‍ ബിസിനസ് നടത്തുകയാണ്. 

തിങ്കളാഴ്ച ഉമേഷ് അമ്മയെ ജുന്‍ജുനുവിലുള്ള അമ്മയുടെ വീട്ടില്‍ കൊണ്ടാക്കിയിരുന്നുവെന്നും, ഈ സമയം സഹോദരിയും സഹോദരനും കോച്ചിംഗിനായി പോയിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

'ഞാന്‍ ഈ ലോകത്തുനിന്ന് ദൂരേക്ക് പോവുകയാണ്, ക്ഷമിക്കണം' എന്ന് എഴുതിയ ഒരു കത്തും മുറിയില്‍ കണ്ടെത്തി. ഒരു മാസത്തിനിടെ സിക്കാറില്‍ മാത്രം നീറ്റ്  പരീക്ഷയ്ക്കായി തയാറെടുത്തിരുന്ന രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മരണമാണിത്.

Tags

Share this story

From Around the Web