മൊള്‍ഡോവയുടെ രാഷ്ട്രപതി മായ സന്തു പാപ്പായെ സന്ദര്‍ശിച്ചു

പ്രസിഡന്റ് മായ സന്തുവും ലിയൊ പതിനാലാമന്‍ പാപ്പായും തമ്മിലുള്ള കൂടിക്കാഴ്ച വത്തിക്കാനില്‍ സെപ്റ്റംബര്‍ 12-ന് വെള്ളിയാഴ്ചയാണ് നടന്നതെന്ന് പരിശുദ്ധസിംഹാസനത്തിന്റെ പ്രസ്സ് ഓഫീസ് ഒരു പത്രക്കുറിപ്പിലൂടെ വെളിപ്പെടുത്തി.
പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡന്റ് സന്തു വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിനും രാഷ്ട്രങ്ങളും അന്താരരാഷ്ട്രസംഘടനകളുമായും ബന്ധപുലര്‍ത്തുന്നതിനുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് പോള്‍റിച്ചാര്‍ഡ് ഗാല്ലഗെറുമായും സംഭാഷണത്തിലേര്‍പ്പെട്ടു.
മൊള്‍ഡോവയും പരിശുദ്ധസിംഹാസനവും തമ്മിലുള്ള മെച്ചപ്പെട്ട ഉഭയകക്ഷിബന്ധങ്ങള്‍ സുദൃഢമാകുമെന്ന പ്രത്യാശ ഇരുവിഭാഗവും പ്രകടിപ്പിച്ചു. അന്നാട്ടിലും ആ പ്രദേശത്തും അന്താരാഷ്ട്രതലത്തിലും, പ്രത്യേകിച്ച് ഉക്രയിനിലും നിലവിലുള്ള സമാധാനാവസ്ഥയെക്കുറിച്ചും ഈ കൂടിക്കാഴ്ചാവേളയില്‍ പരാമര്‍ശം ഉണ്ടായി.