ഒമ്പതാം വർഷത്തിലും ഓശാന തിരുനാളിന് മോഹനന്റെ കുരുത്തോല

 
Mohanan

രാജാക്കാട്: മതസൗഹാർദ്ദത്തിന്റെ പ്രതീകമായി ഒമ്പതാം വർഷത്തിലും ഓശാന തിരുനാളിന് പള്ളിയിലേക്ക് കുരുത്തോല മോഹനൻ വക. 

രാജാക്കാട് ഓണംപാറയിൽ മോഹനനാണ് ക്രിസ്തുരാജ ഫൊറോന പള്ളിക്ക് സ്വന്തം പുരയിടത്തിലെ കുരുത്തോല പതിവ് തെറ്റിക്കാതെ ഇക്കൊല്ലവും എത്തിച്ചത്. 

മോഹനൻ തന്റെ പുരയിടത്തിലുള്ള 18 തെങ്ങിന്റെ കുരുത്തോലകളാണ് ഇത്തവണ പള്ളിക്ക് നൽകിയത്. 

രാജാക്കാട് ബാർബർ ഷോപ്പ് നടത്തുന്ന മോഹനൻ കുറേക്കാലമായി രാജാക്കാട്, ജോസ്ഗിരി പള്ളികളിൽ കുരുത്തോലകൾ നൽകാറുണ്ട്. 

ഹൈറേഞ്ച് മേഖലയിൽ മണ്ടവീഴ്ചമൂലം തെങ്ങുകൾ വ്യാപകമായി നശിച്ചതിനെ തുടർന്ന് ഓശാന ഞായറാഴ്ചകളിൽ പള്ളികളിൽ കുരുത്തോല വിതരണം ചെയ്യുക ഏറെ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. 

1139 കുടുംബക്കാരുള്ള രാജാക്കാട് ഇടവകയിൽ മാത്രം ഓശാന തിരുനാളിന് നൽകാൻ ആറായിരത്തിലധികം കുരുത്തോലകൾ ആവശ്യമുണ്ട്. 

ടൗൺ പള്ളിയായതിനാൽ സമീപ ഇടവകകളിൽ നിന്നും ഓശാന ഞായറാഴ്ച കൂടുതൽ വിശ്വാസികൾ എത്താറുണ്ട്. 

ഇത് മനസിലാക്കിയാണ് മോഹനൻ രാജാക്കാട് പള്ളിയിൽ കുരുത്തോല എത്തിച്ചു നൽകാമെന്ന് ഏറ്റത്.

 കഴിഞ്ഞ എട്ട് വർഷമായി മോഹനൻ മുടക്കമില്ലാതെ കൊഴുക്കട്ട ശനിയാഴ്ച രാവിലെ തന്നെ കുരുത്തോല വെട്ടി പള്ളിയിലെത്തിക്കും. ഏലം കൃഷിയുടെ കടന്നുവരവിനെ തുടർന്ന് ഇടവക ഉൾപ്പെടുന്ന മേഖലയിൽ തെങ്ങ് കൃഷി കുറവായതിനാൽ കുരത്തോലക്ക് ക്ഷാമമുണ്ടെന്ന് അറിയാവുന്ന മോഹനൻ ഈ വർഷവും കുരത്തോല തരാൻ തയ്യാറാണെന്ന് പള്ളിയിൽ മുൻകൂട്ടി അറിയിച്ചു.

 മതസൗഹാർദ്ദ കൂട്ടായ്മ കോഡിനേറ്റർ വി.എസ്. ബിജുവിനൊപ്പം അത് വെട്ടിച്ച് നൽകി. 

വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, സഹ വികാരിമാരായ ഫാ. സെബാസ്റ്റ്യൻ മച്ചുകാട്ട്, ഫാ. ആൽബർട്ട് പള്ളിത്താഴത്ത്, കൈക്കാരന്മാരായ ബിനോയി കൂനംമാക്കൽ, സജി പൂവത്തിങ്കൽ, ജോയി തമ്പുഴ, ജിസ് മാട്ടേൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

Tags

Share this story

From Around the Web