മോദി വിദ്യാര്‍ഥികളോട് മാപ്പ് പറയണം; കഴിഞ്ഞ 10 വര്‍ഷത്തിനിടെ ചോര്‍ന്നത് 152 ചോദ്യപേപ്പര്‍,ഒരാളേയും ഇതുവരെ ശിക്ഷിച്ചില്ല: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി:രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകര്‍ന്നെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 152 ചോദ്യ പേപ്പര്‍ ചോര്‍ച്ചകള്‍ നടന്നു. ഒരാളേയും ഇതുവരെ ശിക്ഷിച്ചില്ല.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന നിലപാടില്‍ തന്നെ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. അതിക്രമം നടത്തിയവര്‍ക്കെതിരെ നടപടി വേണം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിദ്യാര്‍ഥികളോട് മാപ്പ് പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
കറുത്ത ബാഡ്ജ് ധരിച്ചെത്തിയ രാഹുല്‍ ഗാന്ധി, വിദ്യാര്‍ഥികളെ ഡല്‍ഹി പൊലീസ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. വിദ്യാര്‍ഥികള്‍ ഭീകരവാദികള്‍ അല്ല രാജ്യത്തിന്റെ ഭാവിയാണവര്‍. വിദ്യാര്‍ഥികളുടെ ഭാവി സംരക്ഷിക്കണം. എന്ത് തെറ്റാണ് വിദ്യാര്‍ഥികള്‍ ചെയ്തത്?
ഒരു കുറ്റവും അവര്‍ ചെയ്തില്ല. തങ്ങള്‍ക്ക് ന്യായമായ വിദ്യാഭാസ്യം വേണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ഇത് വലിയ പ്രശ്‌നമാണ്. നമ്മുടെ വിദ്യാഭ്യാസ സംവിധാനം ഇന്ന് തകര്‍ന്നു. കുട്ടികള്‍ അവരുടെ അവകാശങ്ങളാണ് ചോദിച്ചത്.
നല്ല വിദ്യാഭ്യാസ സംവിധാനം വേണമെന്നാണ് ആവശ്യപ്പെട്ടത്. 152 ചോദ്യ പേപ്പര്‍ ചോര്‍ച്ച കഴിഞ്ഞ 10 വര്‍ഷത്തിനിടെ നടന്നു.152 ചോദ്യപ്പേപ്പര്‍ ചോര്‍ച്ചകള്‍ ,7.5 കോടി കുട്ടികളെ ബാധിച്ചു. ആരെയും ശിക്ഷിച്ചില്ല. തങ്ങള്‍ക്ക് ഇത് പ്രശ്‌നമല്ല എന്നാണ് കേന്ദ്ര നിലപാട്. ഇതാണ് യുവാക്കള്‍ പ്രതിഷേധിക്കാന്‍ കാരണം.
മധ്യവര്‍ഗ, ദരിദ്രകുടുംബങ്ങളെയാണ് ഇത് ബാധിക്കപ്പെട്ടത്. അവരുടെ കുട്ടികളാണ് ഇതിന്റെ ഇരകള്‍. സര്‍ക്കാര്‍ അനങ്ങുന്നില്ല. മോഷണമാണ് നടക്കുന്നത്. 1.32 ലക്ഷം കോടിയാണ് നീറ്റ് പഠന ചെലവ്. പഠന ചെലവ് വിദ്യാര്‍ഥികള്‍ക്കോ അവരുടെ കുടുംബത്തിനോ താങ്ങാനാകുന്നില്ലെന്നും രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു.