'മോദിയും അമിത് ഷായും ലജ്ജിക്കണം, ഇരുവരും ജനങ്ങളോട് യുദ്ധം ചെയ്യുന്നു': വാര്‍ത്താസമ്മേളനത്തില്‍ ആഞ്ഞടിച്ച് സിജെപി, മോദി രാജ്യത്തിന് അപമാനമെന്നും സിജെപി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിജെപി വക്താക്കള്‍. ഇത്രയും ഭയമുള്ള പ്രധാനമന്ത്രി വേറെ ഉണ്ടായിട്ടില്ലെന്നും മോദി രാജ്യത്തിന് അപമാനമെന്നും സിജെപി വക്താക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആഞ്ഞടിച്ചു.
സമാധാനത്തോടെ പ്രതിഷേധിച്ച ആയിരക്കണക്കിന് പേരെയാണ് കസ്റ്റഡിയിലെടുത്തതെന്നും ഡല്‍ഹി പൊലീസിന്റെ നടപടിയില്‍ മോദിയും അമിത് ഷായും ലജ്ജിക്കണമെന്നും, ഇരുവരും ജനങ്ങളോട് യുദ്ധം ചെയ്യുകയാണെന്നും അവര്‍ ആരോപിച്ചു. രാജ്യത്ത് അടിയന്തരാവസ്ഥയുടെ സാഹചര്യമെന്നും ഈ പോരാട്ടം തുടങ്ങിയിട്ടേയുള്ളൂവെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.
അഭിജീത്തിന്റെ മുത്തശ്ശി മരിച്ചതാണ്, അത് അറിയിക്കുമ്പോള്‍ പോലും പൊലീസ് മോശമായി പെരുമാറിയെന്നും മാതാപിതാക്കളോട് സംസാരിക്കാന്‍ പോലും അനുവദിച്ചില്ലെന്നും അവര്‍ ആരോപിച്ചു. വിജയ് മല്യ, നീരവ് മോദി എന്നിവരെ ആഗോള ടൂറിന് വിമാനത്തില്‍ അയച്ചവര്‍ ആണിവരെന്നും സിജെപിക്കാരെ വിമാനത്തില്‍ കയറി കസ്റ്റഡിയില്‍ എടുത്തെന്നും തന്നെ ആര്‍കെ പുരത്തേക്കാണ് കൊണ്ടുപോയതെന്നും ഫോണ്‍ പിടിച്ചെടുത്തപ്പോള്‍ പോലും നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും സൗരവ് ദാസും ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യം അടുത്ത് കഴിഞ്ഞതായും ഗ്യാനേഷ് കുമാര്‍ ബിഗ് ഫ്രോഡാണെന്നും മോദി അമിത് ഷാ എന്നീ രണ്ടുപേര്‍ക്ക് വേണ്ടിയാണ് മുഴുവന്‍ സിസ്റ്റവും പ്രവര്‍ത്തിക്കുന്നതെന്നു വക്താക്കള്‍ ആരോപിച്ചു. സിജെപി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക തുടങ്ങിയവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചത്.