ജയിലിൽ മിന്നൽ പരിശോധന, പ്രജ്വൽ രേവണ്ണയുടെ പക്കൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തു
 

 
prajwal

ബംഗളൂരു: ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് വീണ്ടും തിരിച്ചടി. ജയിൽ മുറിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ രേവണ്ണയുടെ പക്കൽ നിന്ന് മൊബൈൽ ഫോണും ചാർജറുമാണ് പിടിച്ചെടുത്തത്. കർണാടക ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ഫോൺ കണ്ടെടുത്തത്.

സംഭവത്തിൽ പരപ്പന അഗ്രഹാര പൊലീസ് പ്രജ്വൽ രേവണ്ണയ്ക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. കേസിൽ രേവണ്ണയെ ഒന്നാം പ്രതിയായും സഹതടവുകാരനെ രണ്ടാം പ്രതിയായുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ എത്തിച്ചു നൽകിയതിൽ ജയിൽ അധികൃതരുടെ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ബലാത്സംഗ കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന പ്രജ്വൽ രേവണ്ണയ്ക്ക് പരപ്പന അഗ്രഹാര ജയിലിൽ വി.ഐ.പി പരിഗണന ലഭിക്കുന്നുവെന്ന് മുൻപും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ജയിൽ മുറിയിൽ നിന്നുതന്നെ മൊബൈൽ ഫോണും ചാർജറും പിടിച്ചെടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസും ജയിൽ വകുപ്പും ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web