മൊബൈല്‍ മാനിയയും സോഷ്യല്‍ മീഡിയ ലഹരിയും-   നമ്മുടെ കുട്ടികളുടെ ഭാവിയെ വിഴുങ്ങുന്ന അദൃശ്യ ഭീഷണി

 
smart phone

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് ലഹരി ഉപയോഗം. ലഹരി മുക്ത സമൂഹം സൃഷ്ടിക്കാനായി നാം എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍, അതിനേക്കാളും അപകടകരമായ മറ്റൊരു ലഹരി നമ്മുടെ വീടുകളിലും കുടുംബങ്ങളിലുമെത്തി കഴിഞ്ഞിരിക്കുന്നു. അത് മൊബൈല്‍ ഫോണിന്റെയും സോഷ്യല്‍ മീഡിയയുടെയും ലഹരിയാണ്.

ഒരു കാലത്ത് കുട്ടികളുടെ കരച്ചില്‍ മാറ്റാന്‍ അമ്മമാര്‍ താലോലിപ്പാട്ടുകള്‍ പാടിയിരുന്നു. ഇന്ന് കുട്ടിയുടെ കരച്ചില്‍ മാറ്റാന്‍ മൊബൈല്‍ ഫോണ്‍ കൈമാറുന്നു. ഭക്ഷണം കഴിപ്പിക്കാനായി ടോം ആന്‍ഡ് ജെറി പോലുള്ള കാര്‍ട്ടൂണുകള്‍ കാണിച്ചുകൊടുക്കുന്നു. ആദ്യം അത് ഒരു സൗകര്യമായി തോന്നുമെങ്കിലും, പിന്നീട് അത് കുട്ടിയുടെ ജീവിതത്തിന്റെ ഭാഗമായി മാറുന്നു.

ഒരു വയസ്സും രണ്ടും വയസ്സുമുള്ള കുട്ടികള്‍ പോലും ഇന്ന് മൊബൈല്‍ സ്‌ക്രീനുകളുടെ തടവുകാരായി മാറുകയാണ്. മാതാപിതാക്കള്‍ അറിയാതെ തന്നെ കുട്ടികളുടെ ശ്രദ്ധയും ചിന്താശേഷിയും യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് മാറി ഒരു കൃത്രിമ ലോകത്തിലേക്ക് കടക്കുന്നു. പിന്നീട് അവരുടെ കൈയില്‍ നിന്ന് മൊബൈല്‍ തിരികെ വാങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്.

മൂന്നും നാലും വയസ്സാകുമ്പോഴേക്കും കുട്ടികള്‍ സോഷ്യല്‍ മീഡിയയുടെ അദൃശ്യ ലോകത്തിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങുന്നു. മാതാപിതാക്കള്‍ക്കറിയാത്ത പല വഴികളും അവര്‍ കണ്ടെത്തുന്നു. പ്രായത്തിന് യോജിക്കാത്ത ചിത്രങ്ങളും വീഡിയോകളും ആശയങ്ങളും അവരുടെ മനസ്സിലേക്ക് കടന്നുവരുന്നു. തെറ്റായ ബന്ധങ്ങള്‍, അപകടകരമായ പ്രവണതകള്‍, ലഹരി വസ്തുക്കളുടെ ആകര്‍ഷണം, അശ്ലീല ഉള്ളടക്കങ്ങള്‍, കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന സ്വാധീനങ്ങള്‍ എന്നിവയുടെ തുടക്കം പലപ്പോഴും ഈ ഡിജിറ്റല്‍ ലോകത്തുനിന്നാണ്.

ഇന്ന് പല മാതാപിതാക്കളും കുട്ടികളുടെ വിജയത്തിന് സമ്മാനമായി ഏറ്റവും വിലകൂടിയ മൊബൈല്‍ ഫോണുകള്‍ വാങ്ങിക്കൊടുക്കുന്നു. എന്നാല്‍ ആ സമ്മാനം കുട്ടിയുടെ ഭാവിയിലേക്ക് തുറക്കുന്ന വാതില്‍ ഏത് ദിശയിലേക്കാണെന്ന് ചിന്തിക്കാറുണ്ടോ? ഒരു മൊബൈല്‍ ഫോണ്‍ പഠനത്തിനും അറിവിനും സഹായകരമാകാം. അതേ സമയം, നിയന്ത്രണമില്ലാതെ ഉപയോഗിക്കുമ്പോള്‍ അത് കുട്ടിയെ തെറ്റായ വഴികളിലേക്കും നയിക്കാം.

സോഷ്യല്‍ മീഡിയയില്‍ കാണുന്ന കാഴ്ചകള്‍ അനുകരിക്കാനുള്ള പ്രവണത കുട്ടികളില്‍ വളരെ കൂടുതലാണ്. അവര്‍ കാണുന്ന ജീവിതരീതികളും ബന്ധങ്ങളും പെരുമാറ്റങ്ങളും തങ്ങളുടെയും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നു. ഇതിലൂടെ കുടുംബബന്ധങ്ങള്‍ തകരുകയും മാതാപിതാക്കളുമായുള്ള അകലം വര്‍ധിക്കുകയും ചെയ്യുന്നു.

ഇന്ന് സ്‌കൂളുകളുടെയും കോളേജുകളുടെയും പരിസരങ്ങളില്‍ കുട്ടികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വിവിധ കുറ്റകൃത്യ സംഘങ്ങളും ലഹരി മാഫിയകളും സജീവമാണ്. സോഷ്യല്‍ മീഡിയയിലൂടെ കുട്ടികളിലേക്ക് എത്തിപ്പെടുന്നത് അവര്‍ക്കു വളരെ എളുപ്പമാണ്. കുട്ടികളുടെ കൗതുകവും പ്രായത്തിന്റെ അജ്ഞതയും മുതലെടുത്താണ് പലരും ഇരകളെ കണ്ടെത്തുന്നത്.

മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയയും ഉപയോഗിക്കുന്ന എല്ലാ കുട്ടികളും തെറ്റായ വഴിയിലേക്ക് പോകുമെന്നല്ല. എന്നാല്‍ നിയന്ത്രണമില്ലാത്ത ഉപയോഗം അപകടസാധ്യതകള്‍ വളരെയേറെ വര്‍ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ മാതാപിതാക്കളുടെ ജാഗ്രതയും ഉത്തരവാദിത്വവും അത്യന്താപേക്ഷിതമാണ്.

നമ്മുടെ കുട്ടികള്‍ നമ്മുടെ പ്രതീക്ഷകളാണ്. അവരുടെ ഭാവി സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്വം നമ്മുടെതാണ്. കുട്ടികള്‍ക്ക് സാങ്കേതിക വിദ്യയുടെ നല്ല വശങ്ങള്‍ പരിചയപ്പെടുത്തുമ്പോള്‍ അതിന്റെ അപകടങ്ങളെക്കുറിച്ചും അവരെ ബോധവല്‍ക്കരിക്കണം. മൊബൈല്‍ ഉപയോഗത്തിന് സമയപരിധി നിശ്ചയിക്കണം.


കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന സമയം വര്‍ധിപ്പിക്കണം. കളികള്‍, വായന, കലാപരമായ പ്രവര്‍ത്തനങ്ങള്‍, കായിക വിനോദങ്ങള്‍ എന്നിവയിലേക്ക് കുട്ടികളെ പ്രോത്സാഹിപ്പിക്കണം.

ജനിച്ചുവീഴുന്ന കുട്ടികളെ തന്നെ മൊബൈല്‍ ലഹരിയുടെയും സോഷ്യല്‍ മീഡിയ അടിമത്തത്തിന്റെയും ലോകത്തേക്ക് തള്ളിവിടാതെ, ഉത്തരവാദിത്തമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം.

ലഹരിക്കെതിരെയും സോഷ്യല്‍ മീഡിയയുടെ ദോഷഫലങ്ങള്‍ക്കെതിരെയും ഗള്‍ഫ് മലയാളി ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ ക്യാമ്പയിന് നിങ്ങളുടെ ഏവരുടെയും പൂര്‍ണ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ചിന്തിക്കുക... പ്രവര്‍ത്തിക്കുക... നമ്മുടെ കുട്ടികളെ സംരക്ഷിക്കുക.

സ്‌നേഹപൂര്‍വ്വം,

റാഫി പാങ്ങോട്
ഏഇഇ ചെയര്‍മാന്‍
ഗള്‍ഫ് മലയാളി ഫെഡറേഷന്‍

Tags

Share this story

From Around the Web