കൊച്ചിയിലായിപ്പോയി, ഇല്ലെങ്കിൽ ഒരുത്തനെയും വച്ചുപൊറുപ്പിക്കില്ലായിരുന്നു- വിവാദ പ്രസംഗവുമായി എം എം മണി
വട്ടവട: എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് എം.എം. മണി നടത്തിയ പ്രസംഗം വിവാദമാകുന്നു. വട്ടവടയിൽ നടന്ന അഭിമന്യു അനുസ്മരണ ചടങ്ങിലായിരുന്നു മണിയുടെ വിവാദ പരാമർശം. അഭിമന്യു കൊല്ലപ്പെട്ടത് എറണാകുളം മഹാരാജാസ് കോളേജിലായിപ്പോയെന്നും, അതല്ലായിരുന്നെങ്കിൽ പ്രതികളെ ആരെയും വെറുതെ വിടുമായിരുന്നില്ലെന്നുമാണ് അദ്ദേഹം പ്രസംഗിച്ചത്.
"ഉന്നത വിദ്യാഭ്യാസത്തിനു പോയ അഭിമന്യുവിനെ നിഷ്ഠുരമായാണ് കൊലപ്പെടുത്തിയത്. രക്തസാക്ഷികളെ കൊന്നവരെ നമ്മൾ വെറുതെ വിട്ടിട്ടില്ല. അടിക്കേണ്ടവരെ അടിച്ചിട്ടുണ്ട്, കൈകാര്യം ചെയ്യേണ്ടവരെ കൈകാര്യം ചെയ്തിട്ടുണ്ട്. നിർഭാഗ്യവശാൽ അഭിമന്യു കൊല്ലപ്പെട്ടത് മഹാരാജാസിലായിപ്പോയി. അല്ലെങ്കിൽ അവരെ വച്ചുപൊറുപ്പിക്കുന്ന പ്രശ്നമില്ലായിരുന്നു. അത് ഉറപ്പാണ്. എങ്കിലും നമ്മൾ ഇത് വിടുന്നില്ല, ഇക്കാര്യം നമ്മുടെ അക്കൗണ്ടിലിരിക്കട്ടെ. കേസൊക്കെ നിലവിലുണ്ടല്ലോ," മണി പറഞ്ഞു.
അഭിമന്യു വധക്കേസിലെ പ്രതികളെക്കുറിച്ചുള്ള സൂചനകളെന്ന രീതിയിലാണ് എം.എം. മണിയുടെ വാക്കുകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിരിക്കുന്നത്. മുൻപും പല ഘട്ടങ്ങളിലും തന്റെ പ്രസംഗങ്ങളിലൂടെ വിവാദങ്ങളിൽ നിറഞ്ഞുനിന്നിട്ടുള്ള നേതാവാണ് എം.എം. മണി.