3,383 കോടിയുടെ ആസ്തിയുള്ള എംഎല്‍എ തെരുവില്‍ ഭിക്ഷക്കാരനായി;തെരുവില്‍ നിന്ന് കിട്ടിയ സമൂസയ്ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഭിക്കുന്ന ഭക്ഷണത്തേക്കാള്‍ രുചി തോന്നിയെന്ന് എംഎല്‍എ
മുംബൈ: വേഷം മാറി തെരുവിലിരുന്നപ്പോള്‍ മുന്നിലെത്തിയത് 20 രൂപയും ഒരു സമൂസയും. മഹാരാഷ്ട്രയിലെ ഏറ്റവും സമ്പന്നനായ എംഎല്‍എയെന്നറിയപ്പെടുന്ന പരാഗ് ഷായാണ് സ്വന്തം മണ്ഡലത്തിലെ തെരുവില്‍ യാചകവേഷത്തിലെത്തിയത്.
3,383 കോടിയുടെ ആസ്തിയുള്ള ഷായുടെ ഈ അനുഭവം പിന്നീട് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തന്നെ മാറ്റിയെന്നാണ് അദ്ദേഹം പറയുന്നത്.
ജൈനഗുരുവിന്റെ നിര്‍ദേശപ്രകാരമാണ് പരാഗ് ഷാ ഒരു പകല്‍ ഭിക്ഷയാചിക്കാന്‍ ഇറങ്ങിയത്. മുഷിഞ്ഞ വേഷത്തില്‍ രൂപംമാറ്റി സ്വന്തം നിയമസഭാ മണ്ഡലമായ ഘാട്കോപ്പര്‍ ഈസ്റ്റിലെ തെരുവിലായിരുന്നു അദ്ദേഹം ഇരുന്നത്. സാധാരണക്കാരുടെ പ്രതികരണങ്ങളും പെരുമാറ്റവും നേരിട്ട് മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം.
യാചകവേഷത്തില്‍ ഇരിക്കുമ്പോള്‍ ദയതോന്നിയ ഒരു കച്ചവടക്കാരന്‍ ഷായ്ക്ക് 20 രൂപ നല്‍കി. മറ്റൊരാള്‍ നല്‍കിയ സമൂസയും അദ്ദേഹം കഴിച്ചു. പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഭിക്കുന്ന ഭക്ഷണത്തേക്കാള്‍ ആ സമൂസയ്ക്ക് രുചി തോന്നിയെന്നാണ് ഷാ പറയുന്നത്.
ഈ അനുഭവം മനുഷ്യരെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകളില്‍ മാറ്റമുണ്ടാക്കിയെന്നും തെരുവില്‍ ചെലവഴിച്ച ആ ഒരു പകല്‍ ഒട്ടേറെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായിച്ചെന്നും പരാഗ് ഷാ പറയുന്നു.