''സാമ്പാറില്‍ ചാണകപ്പൊടി കലര്‍ത്തി''. പാചക തൊഴിലാളിയായ ഭാര്യയെ സ്‌കൂളില്‍നിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാന്‍ യുവാവ് കണ്ടെത്തിയ മാര്‍ഗം
ചെന്നൈ: പാചക തൊഴിലാളിയായ ഭാര്യയെ സ്‌കൂളില്‍നിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാന്‍ യുവാവ് കണ്ടെത്തിയത് അല്‍പം വിചിത്രമായ മാര്‍ഗമാണ്. സര്‍ക്കാര്‍ സ്‌കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറില്‍ ചാണകപ്പൊടി കലര്‍ത്തിയാണ് യുവാവ് പ്രതികാരം ചെയ്തത്! തമിഴ്‌നാടിലെ ഈറോഡിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ മുന്‍ പാചകക്കാരിയായ അലമ്മാളിന്റെ ഭര്‍ത്താവ് അറുമുഖത്തെ പോലീസ് അറസ്റ്റ് ചെയ്തു.
ഈറോഡ് സത്യമംഗലത്തിനടുത്തുള്ള സര്‍ക്കാര്‍ മിഡില്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ പാചകക്കാരിയായിരുന്ന അലമ്മാളിന്റെ പാചകം മോശമാണെന്ന പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ ഇവരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്. ഇതിനേത്തുടര്‍ന്നാണ് സ്‌കൂളിലെ 51 വിദ്യാര്‍ഥികള്‍ക്കായി ഉണ്ടാക്കിയ ഭക്ഷണത്തില്‍ ഇയാള്‍ ചാണകപ്പൊടി കര്‍ത്തിയത്. സര്‍ക്കാരിന്റെ സൗജന്യ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ സാമ്പാറില്‍ ചാണകപ്പൊടി കലര്‍ത്തുകയായിരുന്നു.
കടയില്‍പ്പോയി ചാണകപ്പൊടി വാങ്ങിവന്ന് സാമ്പാറില്‍ കലര്‍ത്താന്‍ സ്‌കൂളിലെ തന്നെ ഒരു വിദ്യാര്‍ഥിനിയെ ഇയാള്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇതിനായി 10 രൂപയും നല്‍കി. കുട്ടി കടയില്‍ ചെന്ന് അഞ്ചുരൂപയ്ക്ക് പലഹാരം വാങ്ങുകയും ബാക്കി വന്ന അഞ്ചു രൂപയ്ക്ക് ചാണകപ്പൊടി വാങ്ങുകയും ചെയ്തു. എന്നാല്‍, ഈ പൊടി കുട്ടികള്‍ക്ക് വിളമ്പാനുള്ള പ്രധാന സാമ്പാറിലല്ല, മറിച്ച് രുചി നോക്കാന്‍ അധ്യാപകര്‍ക്കായി മാറ്റി വെച്ചിരുന്ന ചെറിയൊരു ഭാഗത്താണ് കുട്ടി കലക്കിയതെന്ന് പോലീസ് പറഞ്ഞു. കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ ഇത് കലര്‍ത്തിയിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. ഓഗസ്റ്റ് 29-നായിരുന്നു സംഭവം. സെപ്റ്റംബര്‍ ഒന്നിനാണ് പോലീസില്‍ പരാതി ലഭിക്കുന്നത്.
പ്രഭാതഭക്ഷണം വിളമ്പുന്നതിന് മുന്‍പ് ഗുണനിലവാരം പരിശോധിക്കുന്നതിന്റെ ഭാഗമായി രേവതി എന്ന അധ്യാപിക സാമ്പാറിന്റെ രുചി നോക്കിയിരുന്നു. അപ്പോള്‍ സാമ്പാറിന് അസാധാരണമായ കയ്പ്പും നിറംമാറ്റവും അനുഭവപ്പെട്ടു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ചോദ്യം ചെയ്യുകയും അറുമുഖത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത് ചെയ്തതെന്ന് കുട്ടി വെളിപ്പെടുത്തുകയും ചെയ്തു. സാമ്പാര്‍ കുട്ടികള്‍ക്ക് നല്‍കുന്നതിന് മുന്‍പുതന്നെ അധ്യാപകര്‍ ഇത് കണ്ടുപിടിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പരാതിയുടെ അടിസ്ഥാനത്തില്‍ സത്യമംഗലം പോലീസ് കേസെടുക്കുകയും വ്യാഴാഴ്ച രാത്രിയോടെ ആറുമുഖത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.