വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹത്തിലേക്ക് ഓഗസ്റ്റ് ഒന്നിന് മിഷന്‍ലീഗിന്റെ തീര്‍ത്ഥാടനം
ചങ്ങനാശേരി: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹത്തിലേക്കും കുടമാളൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടനകേന്ദ്രത്തിലേക്കും ചെറുപുഷ്പ മിഷന്‍ലീഗ് ചങ്ങനാേശരി അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന 38-ാമത് അല്‍ഫോന്‍സാ തീര്‍ത്ഥാടനം ഓഗസ്റ്റ് ഒന്നിന് നടക്കും. കാല്‍നടയായും വാഹനങ്ങളിലും എത്തുന്ന തീര്‍ത്ഥാടകര്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹത്തിലും അല്‍ഫോന്‍സാമ്മ മാമ്മോദീസയും ആദ്യകുര്‍ബാനയും സ്വീകരിച്ച കുടമാളൂര്‍ ഫൊറോന ദേവാലയത്തിലും എത്തും.
രാവിലെ 5.30ന് അതിരമ്പുഴ മേഖലയുടെ തീര്‍ത്ഥാടനം ആരംഭിക്കും. 5.45ന് പാറേല്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍നിന്നു ചങ്ങനാശേരി, തുരുത്തി മേഖലകളുടെ തീര്‍ത്ഥാടനവും 6.45ന് പനമ്പാലം സെന്റ് മൈക്കിള്‍സ് ചാപ്പലില്‍ എത്തുന്ന വിധം കുടമാളൂര്‍ മേഖലയുടെ പദയാത്രയും ആരംഭിക്കും.
കോട്ടയം സിഎംഎസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നു രാവിലെ 8.45ന് കോട്ടയം, നെടുംകുന്നം, മണിമല, തൃക്കൊടിത്താനം, ചെങ്ങന്നൂര്‍ മേഖലകളുടെ തീര്‍ത്ഥാടനങ്ങളും 10.30ന് കുറുമ്പനാടം മേഖലയുടെ തീര്‍ത്ഥാടനവും ആരംഭിക്കും.
ആലപ്പുഴ, എടത്വ, പുളിങ്കുന്ന്, ചമ്പക്കുളം മേഖലകളിലെ തീര്‍ത്ഥാടനം മാന്നാനം ആശ്രമ ദേവാലയത്തില്‍ രാവിലെ 9.45ന് എത്തും. തുടര്‍ന്ന് കുടമാളൂരിലേക്കു പദയാത്രയായി നീങ്ങും. മുഹമ്മ മേഖലയിലെ തീര്‍ത്ഥാടകര്‍ രാവിലെ 11ന് ആര്‍പ്പൂക്കര ചെറുപുഷ്പം ദേവാലയത്തില്‍നിന്നു പദയാത്രയായി നീങ്ങും.
ഓഗസ്റ്റ് ഒന്നിന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹത്തില്‍ രാവിലെ 7.15, 9.45, ഉച്ചക്ക് 12, വൈകുന്നേരം മൂന്ന്, എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനകള്‍ ഉണ്ടാകും.