മിഷൻ ചക്കക്കൊമ്പൻ: എല്ലാം സജ്ജം; ചിന്നക്കനാലിൽ നിരോധനാജ്ഞ, സ്കൂളുകൾക്ക് അവധി, ദൃശ്യം പകർത്താനും നിയന്ത്രണം
ഇടുക്കി: ചിന്നക്കനാലിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ബുധനാഴ്ച രാവിലെ ആറിന് ആരംഭിക്കും.
നാല് ഡോക്ടർമാർ അടങ്ങുന്ന വനംവകുപ്പിന്റെ സംഘമാണ് ചക്കക്കൊമ്പൻ ദൗത്യത്തിനായി ചിന്നക്കനാലിൽ സജ്ജരായിരിക്കുന്നത്.
വയനാട്ടിൽനിന്ന് എത്തിച്ച കുങ്കിയാനകളും ദൗത്യത്തിന്റെ ഭാഗമാകും.
ചക്കക്കൊമ്പനെ മയക്കുവെടി വെയ്ക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ബുധനാഴ്ച പുലർച്ചെ മുതൽ ദൗത്യം അവസാനിക്കുന്നത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ചിന്നക്കനാൽ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 എന്നീ വാർഡുകളിലാണ് നിരോധനാജ്ഞ.
ഈ പ്രദേശങ്ങളിലെ പൊതുസ്ഥലങ്ങളിലും ദൗത്യം നടക്കുന്ന മേഖലയോട് ചേർന്നുള്ള അപകടസാധ്യതയുള്ള ഇടങ്ങളിലും അഞ്ചോ അതിലധികമോ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതും സംഘം ചേർന്ന് ഒത്തുചേരുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട് .
ദൗത്യം നടക്കുന്ന സമയത്ത് പ്രദേശവാസികൾ അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതും ദൗത്യമേഖലയിലേക്ക് പോകുന്നതും ഒഴിവാക്കണം.
കാട്ടാനയെ കാണുന്നതിനായി ആളുകൾ കൂട്ടംകൂടരുത്.
വനംവകുപ്പ്, പോലീസ്, റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യത്തിനായി ചുമതലപ്പെടുത്തിയവരും ഒഴികെ മറ്റാരും ദൗത്യം നടക്കുന്ന സ്ഥലത്തേക്കോ സുരക്ഷാ ഉദ്യോഗസ്ഥർ നിശ്ചയിച്ചിട്ടുള്ള നിയന്ത്രിത മേഖലയിലേക്കോ പ്രവേശിക്കാൻ പാടില്ലെന്നും ജില്ലാ കളക്ടർ ഉത്തരവിറക്കി.