കാണാതായ നിക്കരാഗ്വന്‍ ബിഷപ്പ് അബെലാര്‍ഡോ മാത്തയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സ്വേച്ഛാധിപത്യ ഭരണകൂടം

 
NICARGUAYA

നിക്കരാഗ്വ: ജൂണ്‍ അവസാനത്തോടെ കാണാതായ എസ്റ്റെലി രൂപതയുടെ എമരിറ്റസ് ബിഷപ്പ് അബെലാര്‍ഡോ മാത്തയുടെ വീഡിയോ ദൃശ്യങ്ങള്‍ നിക്കരാഗ്വന്‍ സ്വേച്ഛാധിപത്യ ഭരണകൂടവുമായി ബന്ധപ്പെട്ട മാധ്യമങ്ങള്‍ പുറത്തുവിട്ടു. 

വീഡിയോ എപ്പോള്‍ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. ഓഗസ്റ്റ് 15-ന് പൗരോഹിത്യത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന 80-കാരനായ ബിഷപ്പ്, സര്‍ക്കാരിനെ അനുകൂലിക്കുന്ന മാധ്യമപ്രവര്‍ത്തകനും ജനപ്രതിനിധിയുമായ അഡോള്‍ഫോ പാസ്ട്രാനുമായി സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

സംഭാഷണത്തിനിടയില്‍ ബിഷപ്പ് വളരെ ആത്മവിശ്വാസത്തോടെയും ആരോഗ്യത്തോടെയും കാണപ്പെടുന്നുണ്ടെന്ന് പാസ്ട്രാന്‍ പറയുമ്പോള്‍, പ്രാര്‍ത്ഥന വലിയ തോതില്‍ സഹായിക്കുന്നുണ്ടെന്നും താന്‍ സുഖമായിരിക്കുന്നുവെന്നും ബിഷപ്പ് പ്രതികരിക്കുന്നു.

മസായായിലെ ടിസ്മയിലുള്ള തന്റെ ഫാമില്‍ ചെടികളും കൃഷിയും നോക്കിനടത്തുന്നതിനെക്കുറിച്ചും പുസ്തകവായനയെക്കുറിച്ചുമുള്ള വ്യക്തിപരമായ കാര്യങ്ങളാണ് ഒമ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇരുവരും സംസാരിക്കുന്നത്. 

എസ്റ്റെലിയിലെ ക്ലിനിക്കില്‍ നിന്ന് ഇറങ്ങിയ ശേഷം ജൂണ്‍ അവസാനത്തോടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയും ജൂലൈ നാലു മുതല്‍ ഈ ഫാമിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നുമാണ് സര്‍ക്കാര്‍ വാദം.

''നിശ്ശബ്ദതയും പഠനവും പ്രാര്‍ത്ഥനയുമാണ് താന്‍ ആഗ്രഹിക്കുന്നത്. സ്വന്തം ചെറിയ ലോകത്ത് ഒരു സന്യാസ ജീവിതമാണ് താന്‍ നയിക്കുന്നത്. 

പ്രാര്‍ത്ഥനയും ചിന്താപരമായ ജോലികളുമാണ് ഇപ്പോള്‍ ചെയ്യുന്നത്,'' ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. 1970-നും 2005-നും ഇടയില്‍ മനാഗ്വയുടെ ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ മിഗ്വേല്‍ ഒബാണ്ടോ വൈ ബ്രാവോയുമായുള്ള അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.

ബിഷപ്പ് മാത്തയെ അറസ്റ്റ് ചെയ്തപ്പോള്‍, ''അദ്ദേഹത്തിന്റെ സ്വത്തുക്കളുടെ ഉറവിടത്തെക്കുറിച്ചും കുടുംബബന്ധങ്ങളെക്കുറിച്ചും ആവശ്യമായ അന്വേഷണം നടത്തുകയാണെന്നും അന്വേഷണത്തിന് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങിയെന്നും സുഖമായിരിക്കുന്നുവെന്നും'' ഡാനിയല്‍ ഒര്‍ട്ടേഗയുടെ ഭരണകൂടം പത്രക്കുറിപ്പിറക്കിയിരുന്നു.

എന്നാല്‍, ബിഷപ്പ് മാത്ത എപ്പോഴും നിക്കരാഗ്വന്‍ ജനതയുടെ ദുരിതങ്ങളില്‍ ഒപ്പം നില്‍ക്കുകയും സര്‍ക്കാരിന്റെ തെറ്റുകളെ വിമര്‍ശിക്കുകയും ചെയ്ത വ്യക്തിയാണെന്ന് ഫാ. റോമാന്‍ ഓര്‍മ്മിപ്പിച്ചു.

 നിക്കരാഗ്വയില്‍ സഭ നേരിടുന്ന വേട്ടയാടലിന്റെ ഭാഗമാണ് അദ്ദേഹത്തിന്റെ ഈ വീട്ടുതടങ്കല്‍. 

ബിഷപ്പിന് പുറത്തുപോകാന്‍ സ്വാതന്ത്ര്യമില്ലാത്ത വിധം പോലീസ് കാവല്‍ നിലനില്‍ക്കുന്നുണ്ടെന്ന സത്യം മറച്ചുവെക്കാനാണ് ഇത്തരം ദൃശ്യങ്ങള്‍ പുറത്തുവിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags

Share this story

From Around the Web