മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം; നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഫിഷറീസ് മന്ത്രി.പത്താംദിനത്തെ തിരച്ചിലിലും നിരാശ
മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തില്‍ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഫിഷറീസ് മന്ത്രി. വിഷയത്തിലെ അടിയന്തര പ്രശ്ന പരിഹാരം ചര്‍ച്ചയാവും.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള പത്താംദിനത്തെ തിരച്ചിലിലും നിരാശയാണ് ഫലം.
നാളെ 11 മണിക്ക് മന്ത്രിയുടെ ചേമ്പറില്‍ ആണ് യോഗം. യോഗത്തിനുശേഷം മുഖ്യമന്ത്രിയുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. യോഗത്തിലെ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കും.
സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യുമെന്ന് നീണ്ടകരയിലെ ഗൗതമിന്റെ വീട് സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
വേദനാജനകമായ സംഭവം. കോസ്റ്റ് ഗാര്‍ഡ് ഐജിയുമായിട്ട് സംസാരിച്ചു. തിരച്ചില്‍ സജീവമായി തുടരും. കോസ്റ്റല്‍ പൊലീസിന് ഉള്ളത് പരിമിതമായ സൗകര്യങ്ങളാണ്.
എല്ലാം പരിഹരിക്കപ്പെടും. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യും. കുടുംബത്തിനുള്ള സഹായവുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും. മണ്ഡലത്തിലെഎംഎല്‍എയുമായി സംസാരിച്ചിട്ടുണ്ട് അദ്ദേഹം പറഞ്ഞു.
ജൂലൈ 31നാണ് വിഴിഞ്ഞത്തും മുതലപ്പൊഴിയിലും നീണ്ടകരയിലുമായി മീന്‍പിടുത്തത്തിന് പോയ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങള്‍ അപകടത്തില്‍പ്പെടുന്നത്. ഇതില്‍ ഇനി കണ്ടെത്താനുള്ളത് മൂന്നുപേരെയാണ്. മുതലപ്പൊഴിയില്‍ പ്രാദേശിക സ്‌കൂബ ടീം രാവിലെ പരിശോധനയ്ക്ക് ഇറങ്ങിയെങ്കിലും പുരോഗതി ഉണ്ടായില്ല.
പിന്നാലെ, വൈകുന്നേരത്തോടെ നേവിയുടെ ഐഎന്‍എസ് കല്‍പ്പേനി കപ്പലില്‍ പ്രൊഫഷണല്‍ സ്‌കൂബ ടീം എത്തി തിരച്ചില്‍ ആരംഭിച്ചു. ഇന്ന് കണ്ടെത്താന്‍ ആയില്ലെങ്കില്‍ നേവിയുടെ പ്രൊഫഷണല്‍ സ്‌കൂബ ടീം നാളെയും തിരച്ചില്‍ തുടരും.
പരിശോധന വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കന്യാകുമാരി കളക്ടറുമായി സംസാരിച്ചു എന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ അനു കുമാരി പറഞ്ഞു.
വിഴിഞ്ഞത്ത് കോസ്റ്റ് ഗാര്‍ഡിന്റെയും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും വള്ളങ്ങളും പരിശോധന തുടരുന്നുണ്ട്. ഫിഷറീസ് മന്ത്രി ഫോണില്‍ വിളിച്ച് ഏതു ഭാഗത്ത് പരിശോധന നടത്തണമെന്ന് ചോദിച്ചെന്ന് കുടുംബം ആരോപിച്ചു.
നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണയ്ക്കായി നാവികസേന എത്തി തിരച്ചില്‍ നടത്തിയിട്ടും ഇന്നും ഫലമുണ്ടായില്ല. നേവിയുടെ ഐഎന്‍എസ് കല്‍പ്പേനിയും സ്‌കൂബ സംഘവും കോസ്റ്റ് ഗാര്‍ഡിന്റെ ഡ്രോണുമാണ് ഇന്ന് തിരച്ചിലില്‍ നടത്തിയത്. ഒരു സൂചനയും ലഭിക്കാതായതോടെ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ഗൗതമിന്റെ വീട് സന്ദര്‍ശിച്ചു.