“മിസൈലുകൾ തലയ്ക്ക് മുകളിലൂടെ പായുന്നു, പക്ഷേ ജനത്തെ ഉപേക്ഷിക്കില്ല”: യുദ്ധ ബാധിതരെ ചേര്‍ത്തു പിടിച്ച് ലെബനീസ് സഭ

 
LEBANESE

ബെയ്‌റൂട്ട്: രാജ്യത്തിന്റെ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ വ്യോമാക്രമണങ്ങളുടെ തരംഗമാണ് നടക്കുന്നതെന്നും മിസൈലുകള്‍ തങ്ങളുടെ തലയ്ക്ക് മുകളിലൂടെ പായുകയാണെന്നും ലെബനോനിലെ ബിഷപ്പുമാരുടെ വെളിപ്പെടുത്തല്‍. 

അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്ള ക്രിസ്ത്യാനികള്‍ പലായനം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ബെക്കാ താഴ്വരയില്‍, ബാല്‍ബെക്കില്‍ നിന്നുള്ള മുസ്ലീം, ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ദേര്‍ എല്‍ അഹ്മറില്‍ അഭയം തേടുന്നുവെന്ന് ബാല്‍ബെക്ക് -ദേര്‍ എല്‍ അഹ്മറിലെ മരോണൈറ്റ് ബിഷപ്പ് ഹന്ന റഹ്മെ പറഞ്ഞു.

വളരെ പരിമിതമായ സാഹചര്യമാണ് ഉള്ളതെങ്കിലും ആവശ്യക്കാരെ സഭ ഉപേക്ഷിക്കില്ലെന്നു ബിഷപ്പ് റഹ്മെ വ്യക്തമാക്കി. ''അവര്‍ നമ്മുടെ ജനങ്ങളാണ്; തങ്ങളുടെ കൈയിലുള്ളത് ഉപയോഗിച്ച് ഞങ്ങള്‍ അവരെ പരിപാലിക്കും.''- അദ്ദേഹം പറഞ്ഞു. 

തെക്കന്‍ ലെബനോനിലും ബെക്കാ താഴ്വരയിലും സ്‌ഫോടനങ്ങള്‍ നടക്കുകയാണെന്നും ആളുകള്‍ കഴിയുന്നത് ഭയത്തോടും നിരാശയോടെയുമാണെന്ന് ബിഷപ്പുമാര്‍ പറഞ്ഞു.

 തിങ്കളാഴ്ച പുലര്‍ച്ചെ വന്ന മിസൈലുകള്‍ സമീപ മാസങ്ങളില്‍ ഇസ്രായേലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതായിരിന്നുവെന്നും ബിഷപ്പുമാര്‍ ചൂണ്ടിക്കാട്ടി.


കഴിഞ്ഞ വാരാന്ത്യത്തില്‍ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതിനുശേഷം ലെബനോനില്‍ മുപ്പതിനായിരത്തിലധികം ആളുകള്‍ കുടിയിറക്കപ്പെട്ട സാഹചര്യമാണുള്ളതെന്ന് കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് (അഇച) പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. 

കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷണം, അടിയന്തര കിറ്റുകള്‍, പ്രാഥമിക സഹായം എന്നിവ ലഭ്യമാക്കുന്നതിന് അന്താരാഷ്ട്ര സഹായം തേടേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് രാജ്യത്തെ ബിഷപ്പുമാര്‍ പറയുന്നു.

തെക്കന്‍ തുറമുഖ നഗരമായ സൈദയില്‍, തലയ്ക്ക് മുകളിലൂടെ മിസൈലുകള്‍ പായുകയാണെന്നു മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക ബിഷപ്പ് എലി ഹദ്ദാദ് പറഞ്ഞു. അക്രമം തുടര്‍ന്നാല്‍ തന്റെ രൂപതയിലെ ഏകദേശം 800 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് സഹായം അത്യാവശ്യമായി മാറുമെന്ന് ടയറിലെ മെല്‍ക്കൈറ്റ് ബിഷപ്പ് ജോര്‍ജ്ജ് ഇസ്‌കന്ദര്‍ പറഞ്ഞു. 

അതേസമയം സ്ബൗഡില്‍ സിസ്റ്റേഴ്സ് ഓഫ് ദി ഗുഡ് സര്‍വീസ് സന്യാസ സമൂഹം നടത്തുന്ന സ്‌കൂളില്‍ ഏകദേശം 100 പേര്‍ക്ക് നിലവില്‍ അഭയം ഒരുക്കിയിട്ടുണ്ട്. 

പ്രതിസന്ധിയില്‍ അമരുമ്പോഴും ദുരിത ബാധിതരെ ചേര്‍ത്തു പിടിക്കുവാന്‍ തന്നെയാണ് ലെബനീസ് സഭയുടെ തീരുമാനം.

Tags

Share this story

From Around the Web