വിളക്കന്നൂരില്‍ ദൃശ്യമായ ദിവ്യകാരുണ്യ അത്ഭുതം: കാർമികനായ ഫാ. തോമസ് പതിക്കൽ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു

 
233333

ചെമ്പേരി: തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള വിളക്കന്നൂർ ക്രിസ്തുരാജ ദേവാലയത്തിൽ അര്‍പ്പിച്ച ദിവ്യബലിയര്‍പ്പണത്തിനിടെ ഈശോയുടെ തിരുമുഖം ആദ്യമായി ദർശിക്കുകയും വത്തിക്കാൻ അംഗീകരിച്ച ഇന്ത്യയിലെ ആദ്യ ദിവ്യകാരുണ്യ അത്ഭുതത്തിന് സാക്ഷിയാകുകയും ചെയ്ത ഫാ. തോമസ് പതിക്കൽ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. കരുവഞ്ചാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതസംസ്കാരം പിന്നീട്.

2011 നവംബർ 15നാണ് തലശ്ശേരി അതിരൂപതയിലെ വിളക്കന്നൂർ ക്രിസ്‌തുരാജ ദേവാലയത്തിൽ ദിവ്യകാരുണ്യ അത്ഭുതത്തിന് വേദിയായത്. അന്നു വികാരിയായിരുന്ന ഫാ. തോമസ് പതിക്കൽ അച്ചൻ പ്രഭാതത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേ തിരുവോസ്‌തിയിൽ ഈശോയുടെ തിരുമുഖം തെളിഞ്ഞുവന്ന അസാധാരണമായ സംഭവം ഉണ്ടായി. വിശുദ്ധ കുർബാനയിൽ റൂഹാക്ഷണ പ്രാർത്ഥനയുടെ സമയത്ത് തിരുവോസ്ത‌ിയുടെ നടുവിൽ ഒരു അടയാളം പ്രത്യക്ഷപ്പെടുകയും വളരെ പെട്ടെന്നുതന്നെ അതിൽ ഈശോയുടെ തിരുമുഖത്തിൻ്റെ ഛായ തെളിഞ്ഞുവരികയും ചെയ്തു.

തുടര്‍ന്നു തിരുവോസ്തി വികാരിയച്ചൻ അരുളിക്കയിൽ വയ്ക്കുകയും വി. കുർബാന പൂർത്തിയാക്കുകയും ചെയ്തു‌. വി. കുർബാനക്കുശേഷം ഈ തിരുവോസ്‌തിമു തോമസ് പതിക്കലച്ചന്‍ ദിവ്യബലിയിൽ പങ്കെടുത്ത ദൈവജനത്തെ കാണിക്കുകയും അത്ഭുതകരമായ ചിത്രം തെളിഞ്ഞ തിരുവോസ്തി ആരാധയ്ക്കായി അരുളിക്കയിൽ വയ്ക്കുകയും ചെയ്തു. ആയിരക്കണക്കിനാളുകൾ ദേവാലയത്തിലേക്ക് തിരുവോസ്‌തി ദർശിക്കാനായി എത്തിയിരുന്നു.

ഫോറിയർ ട്രാൻസ്ഫോം ഇൻഫ്രാറെഡ് സ്പെക്ട്രോസ്കോപി അനാലിസിസ്, ഹൈ പെർഫോമൻസ് ലിക്വിഡ് ക്രോമാറ്റോഗ്രഫി, മാസ് സ്പെക്ട്രോമെട്രി എന്നീ വിവിധ ശാസ്ത്രീയ പരീക്ഷണങ്ങൾക്കും ദൈവശാസ്ത്ര പഠനങ്ങള്‍ക്കും ശേഷമാണ് അത്ഭുതത്തിന് വത്തിക്കാന്റെ അംഗീകാരം ലഭിച്ചത്. ഇന്നു ആയിരങ്ങള്‍ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടനകേന്ദ്രമായ വിളക്കന്നൂര്‍. ദിവ്യകാരുണ്യ അത്ഭുതത്തിന്റെ സാക്ഷിയായും അതിന്റെ വിശ്വാസപാരമ്പര്യം ലോകത്തിന് മുന്നിൽ വിനയത്തോടെ വഹിച്ച വൈദികനായും ഫാ. തോമസ് പതിക്കലച്ചൻ ഇനി ഓർമിക്കപ്പെടും.

Tags

Share this story

From Around the Web