അദ്ഭുതമായി മരിയൻ സംഗമം: അഞ്ചുമീറ്റർ ഉയരത്തിൽ നിന്ന് വീണിട്ടും തകരാതെ ഗ്വാഡലൂപ്പ മാതാവിന്റെ തിരുസ്വരൂപം
ബ്രസീലിലെ ഗോയാനിയയിലുള്ള സെറ ദൊറാഡ സ്റ്റേഡിയത്തിൽ നടന്ന മരിയൻ പരിപാടിയായ ‘തോത്തുസ് തൂസ്’ മരിയൻ സംഗമം റെക്കോർഡ് ജനപങ്കാളിത്തം കൊണ്ടും അവിശ്വസനീയമായ ഒരു സംഭവം കൊണ്ടും ചരിത്രമായി. മെയ് 30 ശനിയാഴ്ച നടന്ന ചടങ്ങിൽ 75,000 – ത്തിലധികം വിശ്വാസികളാണ് പങ്കെടുത്തത്. സ്റ്റേഡിയത്തിന് പുറത്ത് സജ്ജീകരിച്ച സ്ക്രീനുകളിലൂടെ പതിനെണ്ണായിരത്തോളം പേർ ചടങ്ങുകൾ തത്സമയം വീക്ഷിച്ചു. മധ്യ – പടിഞ്ഞാറൻ ബ്രസീലിലെ ഏറ്റവും വലിയ മരിയൻ സംഗമമാണിത്.
ലാറ്റിനമേരിക്കയുടെ മധ്യസ്ഥയായ മെക്സിക്കോയിലെ ഗ്വാഡലൂപ്പ മാതാവിന്റെ തീർഥാടക രൂപവും വിശുദ്ധ യുവാൻ ഡിയാഗോയുടെ വസ്ത്രത്തിന്റെ അംഗീകൃത പകർപ്പുമായിരുന്നു ഈ വർഷത്തെ പ്രധാന ആകർഷണം. ആഘോഷങ്ങൾക്കിടയിൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ പതിനായിരങ്ങളെ ഞെട്ടിച്ചുകൊണ്ട് അഞ്ചുമീറ്ററിലധികം ഉയരത്തിൽ സ്ഥാപിച്ചിരുന്ന മാതാവിന്റെ തിരുസ്വരൂപം അടങ്ങിയ രൂപക്കൂട് താഴേക്ക് പതിക്കുകയുണ്ടായി. എന്നാൽ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് തടികൊണ്ടുള്ള ഫ്രെയിമിൽ സൂക്ഷിച്ചിരുന്ന ഈ തിരുസ്വരൂപത്തിനു യാതൊരുവിധ കേടുപാടുകളും സംഭവിച്ചില്ല.
”നമ്മൾ പ്രാർഥിച്ചുകൊണ്ടിരുന്ന സമയത്താണ് ഇത് സംഭവിച്ചത്. ജീവിതത്തിൽ നമ്മൾ എത്ര തവണ വീണാലും മാതാവ് നമ്മെ താങ്ങി എഴുന്നേൽപ്പിക്കും എന്ന വലിയൊരു സന്ദേശമാണ് ഈ സംഭവത്തിലൂടെ വിശ്വാസികൾക്ക് ലഭിച്ചത് ” എന്ന് പരിപാടിയുടെ സംഘാടകനും ഇടവക വികാരിയുമായ ഫാ. മാർക്കോസ് റൊജീരിയോ ഡി ഒലിവേര പറഞ്ഞു.
ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ഗോയാനിയ അതിരൂപതയുടെ സഹകരണത്തോടെ ഔവർ ലേഡി ഓഫ് ദി അസംപ്ഷൻ പാരിഷ് 2015 മുതൽ എല്ലാ വർഷവും മെയ് മാസത്തിലെ അവസാന ശനിയാഴ്ചയാണ് ഈ സംഗമം സംഘടിപ്പിക്കുന്നത്.