ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ പൂർണ്ണ സുരക്ഷിതരാണെന്ന അവകാശവാദവുമായി മന്ത്രി കിരൺ റിജിജു

 
Kiran
രാജ്യത്തെ മതന്യൂനപക്ഷങ്ങൾ നേരിടുന്ന യഥാർത്ഥ പ്രതിസന്ധികളെയും ആശങ്കകളെയും അവഗണിച്ചുകൊണ്ട്, ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ പൂർണ്ണ സുരക്ഷിതരാണെന്ന അവകാശവാദവുമായി കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു. ജൂൺ 4-ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന മന്ത്രാലയത്തിന്റെ "റിഫോംസ് ഉത്സവ്" (Reforms Utsav) പരിപാടിയിൽ സംസാരിക്കവെയാണ്, പ്രതിപക്ഷത്തിന്റെയും മനുഷ്യാവകാശ സംഘടനകളുടെയും വിമർശനങ്ങളെ മന്ത്രി വെറും "പ്രചാരണം" മാത്രമായി തള്ളിക്കളഞ്ഞത്. മോദി സർക്കാരിന്റെ പന്ത്രണ്ട് വർഷത്തെ വികസന പ്രവർത്തനങ്ങൾ ആഘോഷിക്കുന്ന വേളയിലായിരുന്നു ന്യൂനപക്ഷ വിഭാഗങ്ങളെ കൂടുതൽ ആശങ്കപ്പെടുത്തുന്ന തരത്തിലുള്ള മന്ത്രിയുടെ ഈ പ്രസ്താവന. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾ വലിയ തോതിലുള്ള വിവേചനങ്ങളും പ്രതിസന്ധികളും നേരിടുന്നതായി വിവിധ കോണുകളിൽ നിന്ന് ആക്ഷേപം ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ പരിപാടി നടന്നത്. ന്യൂനപക്ഷ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായിട്ടുള്ള സ്കോളർഷിപ്പുകൾ ക്രമക്കേടുകൾ ആരോപിച്ച് മരവിപ്പിച്ചിരിക്കുകയാണെന്ന് മന്ത്രി സമ്മതിച്ചു. അന്വേഷണം പൂർത്തിയാകാതെ ഇവ പുനരാരംഭിക്കാൻ കഴിയില്ലെന്ന മന്ത്രിയുടെ കർശന നിലപാട് ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഉപരിപഠനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വഖഫ് സ്വത്തുക്കളുടെ ഡിജിറ്റൽ വിവരശേഖരണത്തിൽ വലിയ രീതിയിലുള്ള കാലതാമസം നേരിടുന്നുണ്ടെന്ന് മന്ത്രാലയത്തിന് തന്നെ സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. അതേസമയം രാജ്യത്ത് വർധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങൾ, ആരാധനാലയങ്ങൾക്കുനേരെയുള്ള ആസൂത്രിത അതിക്രമങ്ങൾ, സാമൂഹികമായ വിവേചനങ്ങൾ എന്നിവ കാരണം ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ ശക്തമാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു

Tags

Share this story

From Around the Web