കോവളത്ത് സ്പായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുകൾ ചേര്‍ന്ന് വിറ്റു, ക്രൂര പീഡനത്തിനിരയായി പെൺകുട്ടി; ഒരാൾ അറസ്റ്റിൽ

 

തിരുവനന്തപുരം: കോവളത്ത് സ്പായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുകൾ ചേര്‍ന്ന് വിറ്റു. സംഭവത്തിൽ പൂവാര്‍ സ്വദേശിയെയും ആലപ്പുഴ സ്വദേശിയെയും പോലീസ് അറസ്റ്റ് ചെയ്തു.

ആന്ധ്രപ്രദേശ് സ്വദേശിയായ പെൺകുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്നാണ് കഴിഞ്ഞ ജൂലൈയിൽ കോവളത്ത് എത്തിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ മരിച്ചതിനാല്‍ സംരക്ഷണത്തിന്‍റെ ചുമതല ഇവര്‍ക്കായിരുന്നു.

വിവിധ സ്പാകളില്‍ ജോലിക്കായി നിര്‍ത്തിയ കുട്ടി ക്രൂരമായ പീഡനത്തിനാണ് ഇരയായത്. കുട്ടിയുടെ കൈയില്‍ 20 വയസുണ്ടെന്ന് തെളിയിക്കുന്ന ഒരു ആധാര്‍ കാര്‍ഡുണ്ടായിരുന്നു. ഇത് വ്യാജമാണെന്നാണ് വിവരം. 

സ്പായില്‍ ജോലി ചെയ്യുന്നതിനിടെ ഒരു യുവാവുമായി പ്രണയത്തിലായ പെണ്‍കുട്ടി അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതോടെയാണ് വിവരങ്ങൾ പുറത്താകുന്നത്. 

 കുട്ടിയെ വിറ്റ ബന്ധുക്കള്‍ ആന്ധ്രപ്രദേശിലേക്ക് കടന്നതായാണ് വിവരം. സംഭവത്തില്‍ കച്ചവടം ഉറപ്പിച്ചവരെയും പെണ്‍കുട്ടിയെ പീഡിപ്പിച്ച മറ്റുള്ളവരെയും കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Tags

Share this story

From Around the Web