മന്ത്രി ക്രൈസ്തവ വിരുദ്ധ ധ്രുവീകരണമുണ്ടാക്കുന്ന പ്രസ്താവന തിരുത്തണം: കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ അപ്രഖ്യാപിത നിയമന നിരോധനം മറച്ചുവയ്ക്കുന്നതിനു ഭിന്നശേഷി നിയമന വിഷയം ഉന്നയിക്കുന്നത് നിഷിപ്ത താത്പര്യങ്ങളോടെയാണെന്നും വിദ്യാഭ്യാസ മന്ത്രിയുടെ പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ്.
സ്‌കൂളുകളില്‍ ഭിന്നശേഷി നിയമനത്തിന്റെ പേരില്‍ മറ്റ് അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കാത്ത സ്ഥിതിയാണ്.
യഥാര്‍ഥ വിഷയത്തില്‍നിന്നു ശ്രദ്ധ മാറ്റാന്‍ സമൂഹത്തില്‍ ബോധപൂര്‍വം ക്രൈസ്തവ വിരുദ്ധ ധ്രുവീകരണമുണ്ടാക്കുന്ന പ്രസ്താവന മന്ത്രി തിരുത്തണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കത്തോലിക്ക മാനേജ്‌മെന്റുകള്‍ ഭിന്നശേഷിക്കാര്‍ക്ക് എതിരാണെന്ന തെറ്റായ ബോധം സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണു മന്ത്രി.
ഭിന്നശേഷിക്കാ ര്‍ക്കു വേണ്ടി നിയമനം ഒഴിച്ചിട്ടാല്‍ പോലും മറ്റ് സാധാരണ നിയമനങ്ങള്‍ പാസാക്കാത്തത് എന്തിന് എന്ന് വ്യക്തമാക്കണം. ശമ്പളം ലഭിക്കാതെ അധ്യാപക കുടുംബങ്ങള്‍ പട്ടിണിയിലായതും ആത്മഹത്യകള്‍ ഉണ്ടായതും സര്‍ക്കാര്‍ കാണാത്തതെന്താണ്?.
വിദ്യാഭ്യാസം മൗലിക അവകാശമാണന്നിരിക്കേ, വിദ്യാഭ്യാസം പകര്‍ന്നു നല്‍കുന്ന അധ്യാപകര്‍ക്ക് നിയമന അംഗീകാരം നല്‍കാത്തത് ഭരണഘടനാവിരുദ്ധമാണ്.
എന്‍എസ്എസ് കേസിലെ സുപ്രീം കോടതി വിധിയിലെ മാനദണ്ഡം വേറെ ആര്‍ക്കും ബാധകമല്ലെന്നു പറയുന്നത് ദുരുദ്ദേശ്യപരമായി ചേരിതിരിവ് ഉണ്ടാക്കി വിദ്യാഭ്യാസ മേഖലയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതാണ്.
വര്‍ഗീയതയിലൂടെ രാഷ്ട്രീയ ലാഭം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നയമാണെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും.
വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് 13 മുതല്‍ 24 വരെ നടക്കുന്ന അവ കാശ സംരക്ഷണ യാത്രയിലൂടെ കേരള ജനതയുടെ മുമ്പില്‍ തുറന്നു കാട്ടുമെന്നും നീതിക്കും അവകാശങ്ങള്‍ ഉറപ്പിക്കാനുമായി ശക്തമായ പ്രക്ഷോഭവുമായി കത്തോലിക്ക കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തി ല്‍ ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍ മുഖ്യപ്രഭാഷണം നടത്തി.