മന്ത്രി സി.പി. ജോണിന്റെ വിവാദ പ്രസ്താവന പ്രിയദർശിനി സൗജന്യയാത്രയുടെ മഹത്വം ഇല്ലാതാക്കി; കടുത്ത അമർഷവുമായി കോൺഗ്രസ്, മന്ത്രിയുടെ പദവിയും കോൺഗ്രസിന്റെ ദാനമാണെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീകളുടെ പ്രിയദര്‍ശിനി സൗജന്യ യാത്രാപദ്ധതിയുടെ മികവ് ഇല്ലാതാക്കുന്നവിധം മന്ത്രി സിപി ജോണ്‍ നടത്തിയ പ്രസ്താവനയില്‍ യുഡിഎഫില്‍ കടുത്ത അതൃപ്തി. ഗതാഗത മന്ത്രി സിപി ജോണിനെ ഇതു സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ അതൃപ്തി അറിയിച്ചേക്കും.
കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര സ്ത്രീകളുടെ അവകാശമാണെന്ന് പറഞ്ഞ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയെ തന്നെ അപമാനിക്കുന്ന വിധമായിരുന്നു സിപി ജോണിന്‍റെ പ്രസ്താവന.
യാതൊരു വേര്‍തിരിവുമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും ബാധകമെന്നും പറഞ്ഞ് പദ്ധതി നടപ്പാക്കിയ ശേഷം; മുന്തിയ സ്കൂളുകളില്‍ വലിയ ഫീസുകൊടുത്ത് മക്കളെ പഠിപ്പിക്കുന്ന സ്ത്രീകള്‍ വരെ കെഎസ്ആര്‍ടിസി ബസുകളില്‍ തിക്കി തിരക്കി കയറുന്നു എന്നാണ് മന്ത്രി പറഞ്ഞത്.
സംഭവം വിവാദമായപ്പോള്‍ മലയാളിയുടെ 'ബിഹേവിയര്‍' മാറിയതിനേക്കുറിച്ചാണ് താന്‍ പറഞ്ഞതെന്ന് പറഞ്ഞ് ന്യായീകരിക്കാനുള്ള വിഫല ശ്രമം മന്ത്രി നടത്തിയതും വിജയിച്ചില്ല.
അനുചിതമായ പ്രസ്താവന നടത്തിയ മന്ത്രിയുടെ ബിഹേവിയറിനാണ് തകരാറെന്ന കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസിനുള്ളില്‍ നിന്നും ഉയരുന്നത്.
എഐസിസി മുന്‍കൈയ്യെടുത്ത് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്‍റിയുടെ ഭാഗമായ പ്രിയദര്‍ശിനി സജന്യ യാത്രയെ അപമാനിക്കും വിധം ഗതാഗതമന്ത്രി നടത്തിയ പ്രസ്താവനയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും കടുത്ത അതൃപ്തിയാണുള്ളത്.
സര്‍ക്കാര്‍ പ്രഖ്യാപനം കേട്ട് ബസില്‍ കയറുന്ന സ്ത്രീകളെ അപമാനിക്കലായി ഈ പ്രസ്താവന വ്യാപകമായി ചിത്രീകരിക്കപ്പെടുകയാണ്. ഇടതുപക്ഷം ഇത് ശരിക്കും മുതലെടുക്കുയും ചെയ്യുന്നുണ്ട്.
വിവാദത്തിന് വിശദീകരണവുമായി മന്ത്രി പറഞ്ഞ 'ബിഹേവിയര്‍' തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളും ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകളെ മേല്‍ത്തട്ടും കീഴ്ത്തട്ടുമായി ചിത്രീകരിക്കുന്ന വിധം സിപി ജോണ്‍ നടത്തിയ പ്രസ്താവന മന്ത്രിയുടെ ഉള്ളിലെ പഴയ 'കമ്മ്യൂണിസ്റ്റ് ' ചിന്താധാരയെന്ന ബിഹേവിയറിന്‍റെ പ്രശ്നമാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
ഘടകകക്ഷി മന്ത്രിമാര്‍ യുഡിഎഫ് സര്‍ക്കാരിന് ബാധ്യതയായി മാറരുതെന്ന മുന്നറിയിപ്പാണ് നേതൃത്വം നല്‍കുന്നത്. സ്വന്തം നാടായ കുന്ദംകുളത്ത് നിന്നാല്‍ വിജയിക്കാത്ത സിപി ജോണിനെ സിഎംപിക്ക് 100 വോട്ട് തികച്ചില്ലാത്ത തിരുവനന്തപുരത്ത് നിര്‍ത്തി കോണ്‍ഗ്രസുകാര്‍ പണിയെടുത്ത് വിജയിപ്പിച്ചത് മുന്നണിക്ക് ബാധ്യതയായി മാറാനാകരുതെന്ന താക്കീതും നേതാക്കള്‍ നല്‍കുന്നു.
ശരിക്കും കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീകളുടെ യാത്രാ സൗജന്യം പോലെ സിപി ജോണിനുള്ള യുഡിഎഫിന്‍റെ സൗജന്യമാണ് ഗതാഗതമന്ത്രി സ്ഥാനം എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് നേതാക്കള്‍ നല്‍കുന്നത്.
നഷ്ടത്തിലായ കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ ടിക്കറ്റിതര വരുമാനങ്ങള്‍ കണ്ടെത്തുകയെന്ന വലിയ ദൗത്യമാണ് യുഡിഎഫ് സിപി ജോണിന് കൈമാറിയിട്ടുള്ളത്. അത് നലപ്പിലാക്കാനായില്ലെങ്കില്‍ ജോണിന്‍റെ പടിയിറക്കത്തിനും അധിക സമയം വേണ്ടിവരില്ല.