കൃപാസനത്തിലെ അഖണ്ഡ ജപമാലറാലിയില്‍ ജനലക്ഷങ്ങള്‍

 
kripasanam japamala rally


ആലപ്പുഴ: കൃപാസനത്തില്‍നിന്ന് അര്‍ത്തുങ്കല്‍ ബസിലിക്കയിലേക്ക് നടന്ന അഖണ്ഡ ജപമാല മഹാറാലിയില്‍ അണിനിരന്നത് ജനലക്ഷങ്ങള്‍. യുദ്ധങ്ങളും അശാന്തിയും നിറയുന്ന ലോകത്ത് സ്നേഹവും സമാധാനവും നിറയുന്നതിനായി പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥ്യം തേടിയായിരുന്നു വിശ്വാസികള്‍ ജപമാലകളുമായി ചുവടുവെച്ചത്. രാജ്യത്തിന്റെ നന്മയും ലോക സമാധാനവുമായിരുന്നു ഈ ജപമാലറാലിയുടെ പ്രധാന നിയോഗം.

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ ലക്ഷക്കണക്കിന് വിശ്വാസികളാണ് ഈ തീര്‍ത്ഥടനത്തില്‍ പങ്കുചേര്‍ന്നത്. തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് പുലര്‍ച്ചെ ഒന്നിന് റാലിക്ക് തുടക്കമായി. കൃപാസനം സ്ഥാപക ഡയറക്ടര്‍ റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍ റാലിക്ക് ആത്മീയ നേതൃത്വം നല്‍കി. ബ്രദര്‍ ആര്‍. വിജയ കുമാര്‍ കോയമ്പത്തൂര്‍ റാലിയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു.

കൃപാസനത്തില്‍നിന്നും അര്‍ത്തുങ്കല്‍ ദേവാല യത്തിലേക്കുള്ള 14 കിലോമീറ്റര്‍ ദൂരം കാല്‍നടയായി താണ്ടിയ ഓരോ തീര്‍ത്ഥാടകനും യാത്രാവേള യിലുടനീളം പത്തോ അതിലധികമോ ജപമാലകള്‍ ചൊല്ലി. ലക്ഷക്കണക്കിനാളുകളുടെ അധരങ്ങളില്‍ നിന്ന് ഉയര്‍ന്ന ആ പ്രാര്‍ത്ഥനകള്‍ ഒടുവില്‍ പ്രകൃതി ഏറ്റുപാടിയ ഒരു വലിയ പ്രാര്‍ത്ഥനാ സമര്‍പ്പണമായി മാറുകയായിരുന്നു.

തീരദേശപാതയ്ക്കു സമാന്തരമായി നീങ്ങിയ റാലി അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ എത്തിയപ്പോള്‍ റെക്ടര്‍ ഫാ. യേശുദാസ് കാട്ടുങ്കല്‍തയ്യില്‍, മോണ്‍. ജോയി പുത്തന്‍വീട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിശ്വാസികളെ വരവേറ്റു. തുടര്‍ന്ന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ സന്ദേശം നല്‍കി. കൃപാസനം സ്ഥിതി ചെയ്യുന്ന ആലപ്പുഴ രൂപതയുടെ മെത്രാന്‍ എന്ന് പറഞ്ഞാണ് താന്‍ ഇപ്പോള്‍ സ്വയം പരിചയപ്പെടുത്തുന്നതെന്ന് ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ പറഞ്ഞു.

തുടര്‍ന്ന് ബിഷപ് ജയിംസ് റാഫേല്‍ ആനാപറ മ്പിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലി യര്‍പ്പിച്ചു. ഫാ. വി.പി ജോസഫ് വലിയവീട്ടില്‍ സമാപന സന്ദേശം നല്‍കി. ഏത് അവസ്ഥയിലുള്ളവരെയും കര്‍ത്താവ് സ്നേഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വിശ്വാസികളുടെ സുഗമമായ യാത്രയ്ക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കൃപാസനത്തിലേക്ക് കെഎസ്ആര്‍ടിസി പ്രത്യേക ബസ് സര്‍വീസുകള്‍ ഒരുക്കിയിരുന്നു. റാലിയുടെ വിവിധ കേന്ദ്രങ്ങളില്‍ ശുദ്ധജലവിതരണവും പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും മികച്ച രീതിയില്‍ ക്രമീകരിച്ചിരുന്നു. കൂടാതെ, തീര്‍ത്ഥാ ടകരുടെ സുരക്ഷയ്ക്കായി ആംബുലന്‍സ് സൗകര്യ വും സജ്ജീകരിച്ചിട്ടുണ്ടായിരുന്നു.

എല്ലാ വര്‍ഷവും ഒക്ടോബറിലെ നാലാമത്തെ ശനിയാഴ്ചയാണ് കൃപാസനത്തിലെ അഖണ്ഡ ജപമാല റാലി.

Tags

Share this story

From Around the Web