കുടിയേറ്റ പ്രതിസന്ധികള്‍ക്ക് ആഗോള പ്രതികരണങ്ങള്‍ ആവശ്യമാണ്: കര്‍ദിനാള്‍ പിറ്റ്സബല്ല

വത്തിക്കാന്‍:കുടിയേറ്റ ദിനാഘോഷം നമ്മുടെ ഇടയില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് ആളുകളുടെ നിലവിലെ അവസ്ഥകളെ പറ്റി ചിന്തിക്കുന്നതിനും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനും സഭാ സമൂഹത്തെ ഒരുമിച്ച് കെട്ടിപ്പടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുവാനുമുള്ള അവസരമാണെന്ന് ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാത്തിസ്ത്ത പിറ്റ്സബല്ല.
ജറുസലേമിലെ നോത്രെ ദം കത്തീഡ്രലില്‍വിശുദ്ധ ബലിയര്‍പ്പിക്കുകയും വചന സന്ദേശം നല്‍കുകയും ചെയ്തു. സുവിശേഷത്തിലെ ധനികന്റെയും, ലാസറിന്റെയും ഉപമയെ വിശദീകരിച്ചുകൊണ്ട് തന്റെ വീട്ടുപടിക്കല്‍ കഴിഞ്ഞിരുന്ന ലാസറിനെ കാണുവാന്‍ ധനികനായ മനുഷ്യന് സാധിക്കാതെ പോയത് നിര്‍ഭാഗ്യകരമാണെന്നും, ഇന്നത്തെ സമൂഹത്തില്‍ അപരനെ കാണേണ്ടത് നമ്മുടെ കണ്ണുകള്‍ കൊണ്ടല്ല മറിച്ച് നമ്മുടെ ഹൃദയം കൊണ്ടായിരിക്കണമെന്നു കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി.
സ്വാര്‍ത്ഥത മാത്രം നിറഞ്ഞ ധനികനായ മനുഷ്യന്റെ ഹൃദയത്തില്‍ മറ്റൊന്നിനും ഇടമില്ലായിരുന്നുവെന്നത്ഇന്നും സത്യമാണെന്നും അത് നമ്മുടെ ഇടയിലും പലപ്പോഴും സംഭവിക്കാറുണ്ടെന്നും കര്‍ദിനാള്‍ എടുത്തു പറഞ്ഞു.
നമ്മുടെ ചുറ്റുമുള്ളവരുടെ ആവശ്യം മാത്രമല്ല അവരുടെ ജീവിതം പോലും നമുക്ക് കാണാന്‍ കഴിയുന്നില്ല എന്നത് യാഥാര്‍ഥ്യമാണെന്നും കര്‍ദിനാള്‍ അടിവരയിട്ടു പറഞ്ഞു.
ദശലക്ഷക്കണക്കിന് ആളുകള്‍ തങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും മെച്ചപ്പെട്ട അവസരങ്ങള്‍ തേടുന്നതിനോ, കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനോ വേണ്ടി സ്വന്തം വീടുകളും കുടുംബങ്ങളും രാജ്യങ്ങളും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നത് സത്യമാണെന്നും, ഈ ആഗോള കുടിയേറ്റ പ്രതിഭാസത്തെ അഭിമുഖീകരിക്കുന്നതിന് ആഗോള പ്രതികരണങ്ങള്‍ ആവശ്യമാണെന്നും കര്‍ദിനാള്‍ പിറ്റ്‌സബല്ല പറഞ്ഞു.
ഇവിടെ ജനിച്ചു വളര്‍ന്ന കുട്ടികളും യുവാക്കളും വര്‍ഷങ്ങള്‍ക്കുശേഷം തങ്ങള്‍ ഒരിക്കലും അറിയാത്ത ഒരു രാജ്യത്തേക്ക് പോകാന്‍ നിര്‍ബന്ധിതരാകുമ്പോള്‍ ഭാവി അനിശ്ചിതത്വത്തില്‍ ആകുന്നതും സത്യമാണെന്നു കര്‍ദിനാള്‍ പറഞ്ഞു.
തുടര്‍ന്ന്, ഒക്ടോബര്‍ ഏഴാം തീയതി നടന്ന ഭീകരാക്രമണത്തെക്കുറിച്ചും, തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ ജീവന്‍ വെടിഞ്ഞവരെക്കുറിച്ചും, കര്‍ദിനാള്‍ അനുസ്മരിച്ചു.
പാവങ്ങള്‍ക്കുവേണ്ടി സ്വതന്ത്രവും വ്യക്തവുമായ ശബ്ദമായിരിക്കാനുള്ള ഏവരുടെയും കടമയെയും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി.