കുടിയേറ്റ ജനതക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യം: ജസ്റ്റിസ് ജെ. ബി. കോശി

 
Justice jb koshi

പാലക്കാട്: രൂപതാ സമുദായ ശക്തീകരണ വർഷം മുണ്ടൂർ യുവക്ഷേത്ര കോളേജിൽ ജസ്റ്റിസ് ജെ. ബി. കോശി ഉദ്ഘാടനം ചെയ്തു.

സീറോ മലബാർ സഭയുടെ ശക്തമായ ആവശ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് ക്രിസ്ത്യൻ സമൂഹത്തിൻ്റെ പിന്നോക്ക അവസ്ഥ പഠിക്കാൻ സാഹചര്യം ഉണ്ടായതെന്ന് അദേഹം പറഞ്ഞു.

സഭാപിതാക്കൻമാരിൽ നിന്നും, സംഘടനകളിൽ നിന്നും ലഭിച്ച നിർലോഭമായ സഹകരണവും പിന്തുണയും മൂലമാണ് ഏറ്റവും കൃത്യമായ റിപ്പോർട്ട് തയ്യാറാക്കാൻ കമ്മീഷന് കഴിഞ്ഞത്.

ഇന്ന് മനുഷ്യർക്ക് ജീവിക്കാൻ പാടില്ലാത്ത ഒരു സാഹചര്യത്തിൽ എത്തിയിരിക്കുന്നു എന്നതാണ് റിപ്പോർട്ടിൻ്റെ കണ്ടെത്തൽ. എന്നാൽ ഈ റിപ്പോർട്ട് യാതൊരു വിധത്തിലും ഇതര സമുദായത്തിന് എതിരല്ല. കമ്മിഷൻ റിപ്പോർട്ട് തീരദേശത്തെയും, മലയോര മേഖലയിലെയും മനുഷ്യരുടെ പ്രശ്നങ്ങളെ പ്രത്യേകം പ്രത്യേകം ആണ് പരിഗണിച്ചത്. പ്രത്യേകിച്ച് മലയോര ജനതക്ക് ഒരു രീതിയിലും ജീവിക്കാൻ കഴിയാത്ത സാഹചര്യം ആണ് എന്നത് റിപ്പോർട്ടിൽ വ്യക്തമാണ്.

മരത്തിൽ എന്തുണ്ടായാലും അണ്ണാനും കുരങ്ങും കൊണ്ടു പോകും, മണ്ണിൽ നട്ടാൽ കാട്ടുപന്നി കൊണ്ടു പോകും. അന്വേക്ഷിക്കാൻ മനുഷ്യർ പോയാൽ അവരെ വന്യമൃഗം കൊണ്ടു പോകും എന്നതാണ് മലയോരത്തെ മനുഷ്യരുടെ ദാരുണാവസ്ഥ എന്ന് ജസ്റ്റിസ് ജെ. ബി. കോശി വ്യക്തമാക്കി.

പാലക്കാട് രൂപതാ ബിഷപ് മാർ പീറ്റർ കൊച്ചുപുരക്കൽ അധ്യക്ഷത വഹിച്ചു. കേരളത്തിൻ്റെ മാറുന്ന സാഹചര്യത്തിൽ സീറോ മലബാർ സമൂഹം ഒരു ആഗോള സമൂഹമായി മാറുകയാണെന്നും കേരളത്തിലെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങൾ കുടിയേറ്റത്തെ ത്വരിതപ്പെടുത്തുന്നുവെന്നും ബിഷപ് സൂചിപ്പിച്ചു.

ഇവിടെ ആരും ഔദാര്യങ്ങൾക്കു വേണ്ടി യാചിക്കുന്നവർ അല്ല എന്നും രാജ്യത്തെ ഭരണഘടനാപരമായ അവകാശങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നത് എന്നും ബിഷപ് ചൂണ്ടിക്കാട്ടി.

സമുദായ ശക്തീകരണ ജനറൽ കൺവീനർ അഡ്വ. ബോബി ബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡൻ്റ് ട്രീസ ലിസ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

രൂപതയിൽ ഒരു വർഷം നടപ്പാക്കാൻ പോകുന്ന പ്രോഗ്രാമുകൾ അടങ്ങുന്ന മാർഗ്ഗരേഖ അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ പരിചയപ്പെടുത്തി. പ്രവർത്തന മാർഗ്ഗരേഖ ജസ്റ്റിസ് ജെ ബി കോശി പ്രകാശനം ചെയ്തു.

ഫാ. അരുൺ കലമറ്റത്തിൽ വിഷയാവതരണം നടത്തി. സി. ആർ. ഐ പ്രസിഡൻ്റ് ഫാ. ആൻ്റണി പുത്തനങ്ങാടി, മാതൃ വേദി പ്രസിഡൻ്റ് സോളി തോമസ്, കെ. സി. വൈ. എം. പ്രസിഡൻറ് ജിബിൻ പയസ്, മെൽവിൻ പി. അനിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി എബിൻ കണിവയലിൽ എന്നിവർ പ്രസംഗിച്ചു.

പാലക്കാട് രൂപതാ വികാരി ജനറാൾ മോൺ. ജീജോ ചാലക്കൽ, കത്തോലിക്കാ കോൺഗ്രസ് ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി

Tags

Share this story

From Around the Web