എം.ജി സർവകലാശാല സെനറ്റ് പുനഃസംഘടിപ്പിച്ചു; ഗവർണറുടെ നാമനിർദേശത്തിൽ വിവാദം

 
3333

കോട്ടയം: എം.ജി സർവകലാശാല  സെനറ്റ് പുനസംഘടിപ്പിച്ച് ഗവർണർ വിജ്ഞാപനം പുറത്തിറക്കി. 30 അംഗ സെനറ്റിലേക്ക് 19 പേരെയാണ് ചാൻസലർ കൂടിയായ ഗവർണർ നാമനിർദേശം ചെയ്തത്. വിവിധ വകുപ്പ് മേധാവികളും ഡീൻമാരുമായി 11 പേർ സെനറ്റിൽ അംഗങ്ങളാണ്.

സെനറ്റിലേക്കുള്ള നാമനിർദേശങ്ങളിൽ സംഘപരിവാർ ബി.ജെ.പി ബന്ധമുള്ളവർക്കാണ് മുൻഗണന നൽകിയതെന്ന ആരോപണവും ഉയരുന്നുണ്ട്. വിവിധ മേഖലകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് നിയമനമെന്നാണ് ഗവർണർ പക്ഷത്തിന്റെ നിലപാട്. സെനറ്റ് പുനസംഘടനയെ ചൊല്ലി  രാഷ്ട്രീയ രംഗങ്ങളിൽ ചർച്ചകളും പ്രതിഷേധങ്ങളും തുടരുകയാണ്.

നാമനിർദേശം ചെയ്യപ്പെട്ടവരിൽ ബി.ജെ.പി ദേശീയ സമിതി അംഗം ജെ.പ്രമീളാദേവി ഉൾപ്പെടുന്നു. അഭിഭാഷക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ശങ്കർ റാം, ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘവുമായി ബന്ധപ്പെട്ട ഗണേഷ്ചന്ദ്ര പ്രഭു, നാഷണൽ ടീച്ചേഴ്‌സ് യൂണിയൻ നേതാക്കളായ ആർ.ജിഗി, കെ.രാജേഷ് മോഹൻ, എൻ.മനു, എസ്.മേഘ തുടങ്ങിയവരും പട്ടികയിലുണ്ട്.

സെനറ്റ് പുനസംഘടന സംബന്ധിച്ച വിജ്ഞാപനം വൈസ് ചാൻസലർ നിയമനത്തിന് പിന്നാലെയാണ് പുറത്തിറങ്ങിയത്. സർവകലാശാല പ്രതിനിധിയെ തെരഞ്ഞടുക്കുന്നതിനായി നിശ്ചയിച്ചിരുന്ന സെനറ്റ് യോഗം കഴിഞ്ഞ മാസം മാറ്റിവച്ചിരുന്നു. തുടർന്ന് വൈസ് ചാൻസലർ നിയമനവും സെനറ്റ് പുനസംഘടനയും നടന്നതോടെ വിഷയത്തിൽ രാഷ്ട്രീയ വിവാദവും ശക്തമായി.

Tags

Share this story

From Around the Web