മെക്‌സിക്കോയില്‍ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍: സമാധാനം സ്ഥാപിക്കാന്‍ അടിയന്തര ആഹ്വാനവുമായി കത്തോലിക്കാ സഭ
രാജ്യത്ത് തുടര്‍ച്ചയായി വര്‍ധിച്ചുവരുന്ന ക്രമസമാധാന തകര്‍ച്ചയിലും അക്രമ സംഭവങ്ങളിലും കടുത്ത ആശങ്ക രേഖപ്പെടുത്തി മെക്‌സിക്കന്‍ കത്തോലിക്കാ സഭാ നേതൃത്വം. അക്രമ സംഭവങ്ങളെയും സംഘടിത കുറ്റകൃത്യങ്ങളെയും സ്വാഭാവിക കാര്യങ്ങളായി കണ്ട് ജനങ്ങള്‍ അവഗണിക്കരുതെന്നും, രാജ്യത്ത് ശാശ്വതമായ സമാധാനം കെട്ടിപ്പടുക്കാന്‍ ഭരണകൂടവും പൗരന്മാരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മെക്‌സിക്കോയിലെ മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു.
മെക്‌സിക്കോയില്‍ ഭീതി പരത്തുന്ന ലഹരിമരുന്ന് സംഘങ്ങളുടെ അക്രമങ്ങള്‍, തട്ടിക്കൊണ്ടുപോകലുകള്‍, അനധികൃത പണം തട്ടല്‍, ജനങ്ങള്‍ കൂട്ടത്തോടെ വീടൊഴിഞ്ഞു പോകേണ്ടി വരുന്ന സാഹചര്യം എന്നിവയെല്ലാം വലിയ മനുഷ്യാവകാശ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഒരു സമൂഹവും ഇത്തരം ഭയാനകമായ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ പാടില്ലെന്ന് സഭാ നേതൃത്വം ചൂണ്ടിക്കാട്ടി. ഭയമില്ലാതെ ജോലി ചെയ്യാനും വീടുകളില്‍ നിന്ന് പുറത്തിറങ്ങാനും കുടുംബമായി ജീവിക്കാനുമുള്ള അന്തരീക്ഷമാണ് സാധാരണക്കാരായ ജനങ്ങള്‍ക്ക് സമാധാനം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.
കൊലപാതകങ്ങളും കാണാതായവരുടെ കേസും കൃത്യമായി അന്വേഷിച്ച് ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നും സഹകരണവും ദൈവവിശ്വാസവും അടിസ്ഥാനമാക്കിയുള്ള ആത്മീയ-സാമൂഹിക മൂല്യങ്ങള്‍ സമൂഹത്തില്‍ വളര്‍ത്തിയെടുക്കണമെന്നും സഭ ഓര്‍മ്മിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കായി പ്രാര്‍ഥനകള്‍ ഊര്‍ജ്ജിതമാക്കാനും പാവപ്പെട്ടവര്‍ക്കും അക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ നല്‍കാനും സഭാ നേതൃത്വം ആഹ്വാനം ചെയ്തു.