മെക്സിക്കോയിലെ പീഡാനുഭവ കലാവിഷ്ക്കാരം യുനെസ്കോയുടെ കലാസാംസ്കാരിക പൈതൃക പട്ടികയില്‍
ഇസ്തപാലപ: മെക്സിക്കോ നഗരത്തിലെ ഇസ്തപാലപ ജില്ലയിൽ എല്ലാ വിശുദ്ധ വാരത്തിലും നടക്കുന്ന പീഡാനുഭവ കലാവിഷ്ക്കാരം യുനെസ്കോ മാനവികതയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയില്‍. ഡിസംബർ 8 മുതൽ ന്യൂഡൽഹിയിൽ നടന്നുവരുന്ന ഇന്റർഗവൺമെന്റൽ കമ്മിറ്റി ഫോർ ദ സേഫ്ഗാർഡിംഗ് ഓഫ് ഇൻടാംജിബിൾ കൾച്ചറൽ ഹെറിറ്റേജിന്റെ ഇരുപതാം സെഷനിലാണ് ഇതുമായി ബന്ധപ്പെട്ടു തീരുമാനം യുനെസ്കോ പ്രഖ്യാപിച്ചത്.
ഇസ്തപാലപയിലെ കുരിശിന്റെ വഴിയുടെ ദൃശ്യാവിഷ്ക്കാരത്തെ സംബന്ധിച്ച നാമനിർദ്ദേശം അവലോകനം ചെയ്യുകയും അംഗീകരിക്കുകയുമായിരിന്നു.
ഇസ്തപാലപയിലെ വിശുദ്ധ വാരാഘോഷം ഒരു കലാവിഷ്ക്കാരം മാത്രമല്ല ആയിരക്കണക്കിന് ആളുകളെ ഓർമ്മ, തങ്ങളുടെ സ്വത്വം, എന്നിവയുടെ കൂട്ടായ്മയില്‍ ഒരുമിച്ച് കൊണ്ടുവരുന്ന ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രകടനമാണെന്ന് ഇൻടാഞ്ചിബിൾ കൾച്ചറൽ ഹെറിറ്റേജ് ഓഫ് മെക്സിക്കോയുടെ ഡെപ്യൂട്ടി ഡയറക്ടർ എഡാലി ക്വിറോസ് പറഞ്ഞു.
സമൂഹങ്ങൾ അവരുടെ സാംസ്കാരിക സ്വത്വത്തിന്റെ ഭാഗമായി അംഗീകരിക്കുന്ന ആവിഷ്കാരങ്ങളെ യുനെസ്കോ പട്ടിക അംഗീകരിക്കുന്നുവെന്നും ഭാവി തലമുറകൾക്കായി അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാണിക്കുന്നുവെന്നും യുനെസ്കോ അധികൃതര്‍ വ്യക്തമാക്കി.
.1833-ൽ കോളറ പകർച്ചവ്യാധിയുടെ സമയത്താണ് കുരിശിന്റെ വഴിത്താരകളുമായി ബന്ധമുള്ള ദൃശ്യാവിഷ്ക്കാരത്തിന് ആരംഭമാകുന്നത്.
ഉയർന്ന മരണസംഖ്യയെ അഭിമുഖീകരിച്ച ഇസ്തപാലപ നിവാസികൾ പീഡാസഹനത്തിന്റെ പ്രദിക്ഷണം നടത്തുകയായിരിന്നു.
നിരവധി ദിവസത്തെ പ്രാർത്ഥനയ്ക്ക് ശേഷം, പ്ലേഗ് നിലച്ചുവെന്നാണ് ചരിത്രം.
ആ സംഭവത്തിനുശേഷം, എല്ലാ വർഷവും ക്രിസ്തുവിന്റെ പീഡാനുഭവം, മരണം, ഉയിർത്തെഴുന്നേൽപ്പ് എന്നിവ നന്ദിയുടെ അടയാളമായി പുനരാവിഷ്ക്കരിക്കുമെന്ന് പ്രദേശത്തെ ജനങ്ങള്‍ പ്രതിജ്ഞയെടുക്കുകയായിരിന്നു.
2025 ലെ വിശുദ്ധ വാരത്തിൽ മാത്രം, 2 ദശലക്ഷം ആളുകളാണ് ഇതിന് ദൃക്സാക്ഷികളായത്.