മെക്‌സിക്കോയില്‍ വൈദികന് നേരെ പൊലീസ് അതിക്രമം.വൈദികന് ഗുരുതര പരിക്ക്. ശക്തമായ പ്രതിഷേധവുമായി രൂപത

 
MEXICO POLICE


മെക്‌സിക്കോ:മെക്‌സിക്കോയില്‍ കത്തോലിക്കാ വൈദികന് നേരെ പൊലീസിന്റെ ക്രൂരമായ അതിക്രമം. വിയ്യ ഡി ലാ പാസിലെ ഇടവക വികാരിയായ ഫാ. ഇസ്രായേല്‍ സലീനാസ് ടോറസ് എന്ന വൈദികന് നേരെയാണ് അതിക്രമം നടന്നത്. 

മാത്തെവാല രൂപത പൊലീസിന്റെ ഈ അതിക്രമത്തിനെതിരെ ശക്തമായി രംഗത്തുവരികയും ഔദ്യോഗികമായി പരാതി നല്‍കുകയും ചെയ്തു.

ഫാ. ഇസ്രായേല്‍ സലീനാസ് ടോറസ് മറ്റ് രണ്ട് വൈദികര്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന വാന്‍ തടഞ്ഞുനിര്‍ത്തി പ്രാദേശിക പൊലീസ് പരിശോധന നടത്തിയിരുന്നു. 

പരിശോധനയ്ക്കിടയില്‍ വാനിലുണ്ടായിരുന്ന സഹവൈദികനെ ഉദ്യോഗസ്ഥര്‍ ബലമായി പുറത്തിറക്കാന്‍ ശ്രമിച്ചു. 

ഇത് തടയാന്‍ ശ്രമിച്ച ഫാ. ഇസ്രായേല്‍ സലീനാസിനെ പൊലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി നിലത്തുതള്ളിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.


തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ ഇടപെട്ടാണ് പൊലീസിനെ പിന്തിരിപ്പിച്ചത്. മര്‍ദ്ദനമേറ്റ വൈദികനെ റെഡ് ക്രോസ് പ്രവര്‍ത്തകരും പ്രാദേശിക ഡോക്ടറും ചേര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന് വയറിനും വാരിയെല്ലിനും കടുത്ത വേദനയും ചതവുകളുമുണ്ട്. 

സംഭവത്തെ തുടര്‍ന്ന് മാത്തെവാല രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററും ആര്‍ച്ച്ബിഷപ്പുമായ ജോര്‍ജ്ജ് ആല്‍ബെര്‍ട്ടോ കവാസസ് വിഷയത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു. 

പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അധികാര ദുരുപയോഗത്തിനെതിരെ ഫാ. ഇസ്രായേല്‍ സലീനാസ് സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ഓഫീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.

ഈ സംഭവത്തില്‍ വലിയ ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്ന്, വിയ്യ ഡി ലാ പാസ് മുനിസിപ്പല്‍ പ്രസിഡന്റ് വിഷയത്തില്‍ ഇടപെടുകയും അതിക്രമത്തിന് കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്തുനിന്ന് അടിയന്തിരമായി പിരിച്ചുവിട്ടതായി അറിയിക്കുകയും ചെയ്തു.

 നിയമപരമായ രീതിയില്‍ ഈ വിഷയത്തില്‍ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട രൂപത, സഭാവിശ്വാസികളോട് സമാധാനം പാലിക്കാനും നിയമം കൈയിലെടുക്കാതെ പ്രാര്‍ഥനയോടെ തുടരാനും അഭ്യര്‍ഥിച്ചു.
 

Tags

Share this story

From Around the Web