മെക്സിക്കോയിൽ വൈദികന് നേരെ പൊലീസ് അതിക്രമം: ശക്തമായ പ്രതിഷേധവുമായി രൂപത

 
0989

മെക്സിക്കോയിൽ കത്തോലിക്കാ വൈദികന് നേരെ പൊലീസിന്റെ ക്രൂരമായ അതിക്രമം. വിയ്യ ഡി ലാ പാസിലെ ഇടവക വികാരിയായ ഫാ. ഇസ്രായേൽ സലീനാസ് ടോറസ് എന്ന വൈദികന് നേരെയാണ് അതിക്രമം നടന്നത്. മാത്തെവാല രൂപത പൊലീസിന്റെ ഈ അതിക്രമത്തിനെതിരെ ശക്തമായി രംഗത്തുവരികയും ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തു.

ഫാ. ഇസ്രായേൽ സലീനാസ് ടോറസ് മറ്റ് രണ്ട് വൈദികർക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന വാൻ തടഞ്ഞുനിർത്തി പ്രാദേശിക പൊലീസ് പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്കിടയിൽ വാനിലുണ്ടായിരുന്ന സഹവൈദികനെ ഉദ്യോഗസ്ഥർ ബലമായി പുറത്തിറക്കാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച ഫാ. ഇസ്രായേൽ സലീനാസിനെ പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി നിലത്തുതള്ളിയിട്ട് മർദ്ദിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ അദ്ദേഹത്തിന് നേരെ കണ്ണീർവാതകം പ്രയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്.

തുടർന്ന് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ഇടപെട്ടാണ് പൊലീസിനെ പിന്തിരിപ്പിച്ചത്. മർദ്ദനമേറ്റ വൈദികനെ റെഡ് ക്രോസ് പ്രവർത്തകരും പ്രാദേശിക ഡോക്ടറും ചേർന്ന് പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന് വയറിനും വാരിയെല്ലിനും കടുത്ത വേദനയും ചതവുകളുമുണ്ട്. സംഭവത്തെ തുടർന്ന് മാത്തെവാല രൂപതയുടെ അഡ്മിനിസ്ട്രേറ്ററും ആർച്ച്ബിഷപ്പുമായ ജോർജ്ജ് ആൽബെർട്ടോ കവാസസ് വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അധികാര ദുരുപയോഗത്തിനെതിരെ ഫാ. ഇസ്രായേൽ സലീനാസ് സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.

ഈ സംഭവത്തിൽ വലിയ ജനരോഷം ഉയർന്നതിനെ തുടർന്ന്, വിയ്യ ഡി ലാ പാസ് മുനിസിപ്പൽ പ്രസിഡന്റ് വിഷയത്തിൽ ഇടപെടുകയും അതിക്രമത്തിന് കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ തൽസ്ഥാനത്തുനിന്ന് അടിയന്തിരമായി പിരിച്ചുവിട്ടതായി അറിയിക്കുകയും ചെയ്തു. നിയമപരമായ രീതിയിൽ ഈ വിഷയത്തിൽ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട രൂപത, സഭാവിശ്വാസികളോട് സമാധാനം പാലിക്കാനും നിയമം കൈയിലെടുക്കാതെ പ്രാർഥനയോടെ തുടരാനും അഭ്യർഥിച്ചു.

Tags

Share this story

From Around the Web