സക്രാരി കടത്തിക്കൊണ്ടുപോയ വിശ്വാസിക്ക് സഭാഭ്രഷ്ട് കല്‍പ്പിച്ച് മെക്സിക്കന്‍ മെത്രാന്‍: പാപ പരിഹാരത്തിന് വിശ്വാസികളോട് ആഹ്വാനം

 
Mexico

സിനലോവ: മെക്സിക്കോയിലെ സിനലോവ സംസ്ഥാനത്തു തിരുവോസ്തി മോഷ്ട്ടിച്ച വിശ്വാസിക്ക് സഭാഭ്രഷ്ട് കല്‍പ്പിച്ച് രൂപത മെത്രാന്റെ ഉത്തരവ്. കുലിയാകാൻ ബിഷപ്പ് മോൺസിഞ്ഞോർ ജെസസ് ജോസ് ഹെരേര ക്വിനോണസാണ് രൂപതയ്ക്കു കീഴിലുള്ള ഇടവകയിൽ നിന്നു വിശുദ്ധ കുർബാന മോഷ്ടിച്ചതിന് സഭയിൽ നിന്ന് പുറത്താക്കുന്നതായി (ലാറ്റേ സെൻറൻഷ്യേ) പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിട്ടത്. മെയ് 27ന്, ഹിഗുവേര ഡി സരഗോസയിൽ സ്ഥിതി ചെയ്യുന്ന ഗ്വാഡലൂപ്പ ഇടവകയുടെ ചുമരിൽ സ്ഥാപിച്ച തിരുവോസ്തി സൂക്ഷിച്ച സക്രാരിയാണ് ഇളക്കിമാറ്റി കൊണ്ടുപോയത്. കടത്തിക്കൊണ്ടുപോയ തിരുവോസ്തി 'ബ്ലാക്ക് മാസ്' ഉള്‍പ്പെടെയുള്ള പൈശാചിക ആചാരങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുമോയെന്ന ആശങ്ക ശക്തമാണ്.


ഇതിനിടെയാണ് ഇയാളെ സഭയിൽ നിന്ന് പുറത്താക്കുന്നതായുള്ള ഉത്തരവ് മെത്രാന്‍ പുറപ്പെടുവിച്ചത്. കാനൻ നിയമസംഹിതയുടെ 1367 മുതലുള്ള നിയമ പ്രകാരമാണ് നടപടി. സമർപ്പിക്കപ്പെട്ട തിരുവോസ്തി നിലത്ത് എറിയുകയോ, ദൈവനിന്ദയ്ക്ക് വേണ്ടി കൊണ്ടുപോകുകയോ, അവയ്ക്കായി സൂക്ഷിക്കുകയോ ചെയ്യുന്നവര്‍ക്ക് സഭാഭ്രഷ്ട് കല്പിക്കുന്നുണ്ട്. വത്തിക്കാന് മാത്രം പിൻവലിക്കാൻ കഴിയുന്ന ശിക്ഷയാണിത്. കാനോൻ നിയമസംഹിത അനുസരിച്ച്, സഭയുടെ ആരാധനാക്രമ മാനദണ്ഡങ്ങൾക്കനുസൃതമായി, പശ്ചാത്താപ പ്രായശ്ചിത്ത പരിഹാര പ്രവര്‍ത്തി അനുഷ്ഠിക്കുന്നതുവരെ ഇടവകയിലെ വിശുദ്ധ കുർബാന അര്‍പ്പണം നിർത്തിവയ്ക്കുമെന്നും ബിഷപ്പ് പ്രഖ്യാപിച്ചു.


പവിത്രമായ ദിവ്യകാരുണ്യത്തിനെതിരെ നടന്ന കുറ്റകൃത്യം ക്രൈസ്തവ ജനതയുടെ വിശ്വാസത്തെയും ഭക്തിയെയും ആഴത്തിൽ മുറിവേൽപ്പിക്കുന്നതാണെന്ന് മോൺ. ഹെരേര ക്വിനോനെസ് പറഞ്ഞു. പ്രായശ്ചിത്തത്തിന്റെയും പരിഹാരത്തിന്റെയും പ്രാർത്ഥനകൾ അർപ്പിക്കാനും വിശുദ്ധ കുർബാനയോടുള്ള സ്നേഹവും ആരാധനയും വളർത്താനും ബിഷപ്പ് ഇടവക ജനത്തോട് അഭ്യര്‍ത്ഥിച്ചു. രൂപതാധ്യക്ഷന്റെ പ്രത്യേക ആഹ്വാന പ്രകാരം മെയ് 28 വ്യാഴാഴ്ച ഉപവാസ പ്രാര്‍ത്ഥനാദിനമായി ഇടവക ആചരിച്ചിരിന്നു.

Tags

Share this story

From Around the Web