മാന്യത മറന്ന മെത്രാപ്പോലീത്തന്മാർ

 
Methra

മാന്യത എന്ന പദത്തിന്റെ സാമാന്യാർത്ഥം   ശ്രേഷ്ഠമായ, സഭ്യമാർന്ന, സത്യസന്ധമായ പെരുമാറ്റം എന്നതാണ്. ഈവിധ ഗുണഗണങ്ങൾ കൊണ്ട് അലംകൃതരായ വ്യക്തിത്വങ്ങളെയാണ് അന്തസ്സുള്ളവർ, മാന്യന്മാർ എന്നൊക്കെ വിശേഷിപ്പിക്കുക.

അങ്ങനെയുള്ള വ്യക്തി പ്രഭാവങ്ങൾ പൊതുജനത്തിനു എന്നും സ്വീകാര്യരും ബഹുമാന്യരുമായിരിക്കും.സീറോ മലബാർ സഭയിലെ എല്ലാ പിതാക്കന്മാരും ശ്രേഷ്ഠരും ബഹുമാനിക്കപ്പെടേണ്ടവരും ആദരിക്കപ്പെടേണ്ടവരുമാണെന്ന കാര്യത്തിൽ ആർക്കുംതന്നെ അഭിപ്രായവ്യത്യാസമുണ്ടാകാനിടയില്ല. അജഗണങ്ങളെ നയിക്കേണ്ടവരുടെ ജീവിതവിശുദ്ധിയും സ്വഭാവനൈർമ്മല്യവുമാണ് അവർക്ക് എന്നും പ്രചോദനവും ദിശാബോധവും പകരുന്നത്.

എന്നാൽ ഈയടുത്തകാലത്തു് കുർബാന തർക്കവുമായി ബന്ധപ്പെട്ട് മാർ റാഫേൽ തട്ടിൽ പിതാവും മാർ ജോസഫ് പാംബ്ലാനി പിതാവും നടത്തിവരുന്ന പല നീക്കങ്ങളും സമീപനങ്ങളും സംശയാസ്പദവും സീറോ മലബാർ സഭയുടെ അന്തസ്സിനും കുലീനതയ്ക്കും നിരക്കാത്തതുമാണെന്നു പറയേണ്ടിയിരിക്കുന്നു. സുതാര്യതയും സത്യസന്ധതയുമില്ലാത്ത അവരുടെ പ്രസംഗങ്ങൾ, ഇരുപക്ഷത്തെയും വിശ്വാസികളുമായുള്ള ലജ്ജാകരമായ സംഭാഷണങ്ങൾ, വിശ്വാസികളുടെ സത്യസന്ധമായ ചോദ്യങ്ങളുടെ മുമ്പിൽ പുലർത്തുന്ന നിസ്സംഗതയാർന്ന മൗന- രൗ൫ ഭാവങ്ങൾ, ധാർഷ്ട്യഭാവത്തോടുകൂടിയ പെരുമാറ്റശൈലികൾ, അധികാരഗർവ്വോടെയുള്ള ആക്രോശങ്ങൾ, വൈരനിര്യാതനബുദ്ധിയോടെയുളള നടപടികൾ, വക്രബുദ്ധിയിൽ വിരിയിച്ചെടുത്ത നയപരമായ തീരുമാനങ്ങൾ തുടങ്ങിയവയെല്ലാം ആത്മീകതേജസ്സ് നഷ്ടപ്പെട്ട പഴയനിയമത്തിലെ സാംസനെപ്പോലെ വിശ്വാസികൾ അവരെ കരുതേണ്ട ഗതികേടിൽ ചെന്നുപ്പെട്ടിരിക്കുകയാണ്.

ദൈവഹിതത്തിനു വിരുദ്ധമായി സാംസൻ ദലീലയുമായി പുലർത്തിയ അവിശുദ്ധബന്ധമാണല്ലോ അയാളുടെ ആത്മീക വ്യക്തിപ്രഭാവം നഷ്ടപ്പെടാൻ ഇടയാക്കിയത്. അതുപോലെ വിമതവൈദികരുടെ അധാർമ്മികവും ദൈവനീതിക്കു നിരക്കാത്തതുമായ ദുശ്ശാഠ്യങ്ങൾക്ക് വഴങ്ങിക്കൊടുത്തും സഭാസിനഡിന്റെ തീരുമാനങ്ങളോട് നൂറു ശതമാനം സത്യസന്ധത പുലർത്തുന്ന വിശ്വാസികളെ പാടെ അവഗണിച്ചും ദൈവേഷ്ടത്തിനു വിരുദ്ധമായി സ്വാഭീഷ്ടം അടിച്ചേൽപ്പിക്കുന്ന മാന്യത മറന്നുള്ളതും അധികാര ധാർഷ്ട്യമാർന്നതുമായ അജപാലന ശുശ്രൂഷയാണ് ഈ രണ്ടു മെത്രാപ്പോലീത്തമാരിലെ ആത്മീക തേജസ്സ് കെട്ടുപോകാനും അതുവഴി അവർ സത്യവിശ്വാസികളുടെ കണ്ണിലെ കരടായി മാറാനും ഇടയാക്കിയത്.
          സമവായസിദ്ധാന്തം അടിച്ചേൽപ്പിക്കുവാനുള്ള  ഏകപക്ഷീയമായ തീരുമാനംതന്നെ അവരുടെ വക്രബുദ്ധിയിൽ പിറന്ന ഒരാശയമായിരുന്നു. സീറോ മലബാർസഭാ സമ്പൂർണ്ണസിനഡ് കുർബാന വിഷയത്തിൽ കൈക്കൊണ്ട തീരുമാനം ഘട്ടംഘട്ടമായി നടപ്പാക്കാനുള്ള ആഗ്രഹത്തിന്റെ പേരിലായിരുന്നില്ല, മറിച്ച് ആ സംവിധാനം എറണാകുളം - അങ്കമാലി അതിരൂപതയിൽ ആകമാനം ഒരു സ്ഥിരം ഏർപ്പാടാക്കി മാറ്റുന്നതിനു് മുന്നോടിയായി കൊണ്ടുവന്ന പദ്ധതിയായിരുന്നു. എന്നിട്ടും ഈ സമവായ സിദ്ധാന്തം ഇരുന്നൂറോളം പള്ളികളിൽ ഇതുവരെ നടപ്പാക്കിയതുമില്ല.

നടപ്പാക്കിയ പല പള്ളികളിലുംതന്നെ അതു ക്രമേണ നിർത്തിക്കളയുകയാണുണ്ടായത്. സമവായസിദ്ധാന്തത്തിന്റെ പ്രായോഗിക വസ്തുത ഇതായിരിക്കെ ഇവിടെ പ്രശ്നങ്ങളെല്ലാം കെട്ടടങ്ങി സമാധാനാന്തരീക്ഷം നിലവിൽവന്നുവെന്ന് സകല മെത്രാന്മാരെയും അവർ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ഇതിനു മുന്നോടിയായി 2025 ഡിസംബർ ഒന്നുമുതൽ നിലവിലുളള കോടതിവിധിയെ പാടെ അവഗണിച്ചുകൊണ്ട് എറണാകുളം സെ. മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ അഡ്മിനിസ്ട്രേറ്ററായ ഫാ.തോമസ് മങ്ങാട്ടിനെക്കൊണ്ട് ജനാഭിമുഖ കുർബാന ചൊല്ലിക്കുകയും പിന്നീട് ഒരു ദിവസം മാർ ജോസഫ് പാംബ്ലാനി പിതാവ് തന്നെ ഏകീകൃത കുർബാന അർപ്പിക്കുകയും ചെയ്തു. പിന്നീടങ്ങോട്ടെല്ലാം ജനാഭിമുഖ കുർബാന മാത്രമായി. ഇമ്മാതിരിയൊരു നാടകം അരങ്ങേറുന്നതിന് തിരശ്ശീല ഉയർത്തിക്കൊടുത്തതിനുശേഷമാണ് 2025 ഡിസംബറിൽ മാർ റാഫേൽ തട്ടിൽ പിതാവും മാർ ജോസഫ് പാംബ്ലാനി പിതാവും സമവായസിദ്ധാന്തവുമായി വത്തിക്കാനിലേക്ക് യാത്രയായത്. ഇതിനിടയിൽ അവർ വിമാനത്തിൽനിന്ന് ഇറങ്ങുന്നതിനുമുമ്പു തന്നെ  സിനഡിനോട് നൂറുശതമാനം കൂറുപുലർത്തുന്ന സത്യവിശ്വാസികൾ പ്രാർത്ഥനാമന്ത്രങ്ങളുമായി പള്ളിയിലേക്ക് ഇരച്ചുകയറുകയും ജനാഭിമുഖ കുർബാനയെന്നല്ല ഒരു കുർബാനയും നിലവിലെ കോടതിവിധി പ്രകാരം ഇവിടെ സാദ്ധ്യമല്ലെന്നും പ്രഖ്യാപിച്ചതു്. ഈ രംഗങ്ങളുടെയെല്ലാം ചിത്രങ്ങളും വാർത്തകളും ഞൊടിയിടയ്ക്കുള്ളിൽ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘാദ്ധ്യക്ഷൻ കർദ്ദിനാൾ ഗുജുറോത്തിയുടെ മേശപ്പുറത്തെത്തിയിരുന്നു. വിമാനത്താവളത്തിൽ വന്നിറങ്ങിയ പിതാക്കന്മാരെ കർദ്ദിനാൾ ഗുജൂറോത്തി ആദരപൂർവ്വം സ്വീകരിക്കുകയും ചെയ്തു. പിന്നീട് കർദ്ദിനാളിന്റെ ഓഫീസിൽവച്ച് നടന്ന ചർച്ചയിൽ സമവായ സിദ്ധാന്തം വിജയകരമായി നടപ്പാക്കിയെന്നും ഇപ്പോൾ അതിരുപതയാകമാനം സമാധാനാന്തരീക്ഷമാണുള്ളതെന്നും അതിനാൽ ഈ സാഹചര്യം പരിഗണിച്ച് സമവായ ഫോർമുല അംഗീകരിച്ച് ഒരു VARIENT LITURGY അംഗീകരിച്ചുതരണമെന്ന് മെത്രാപ്പോലീത്തന്മാർ ഏകമനസ്സോടെ ഒരു ഉളുപ്പുമില്ലാതെ ആവശ്യപ്പെടുകയാണുണ്ടായത്. ഇതിനു മറുപടിയെന്നോണം ബസിലിക്കയിൽ നടന്ന സംഭവ വികാസങ്ങളുടെ വാർത്തകളും ഫോട്ടോകളും കർദ്ദിനാൾ ഗുജുറോത്തി പിതാക്കന്മാരുടെ മുന്നിൽ നിരത്തി. ഇടിവെട്ടേറ്റതുപോലെ സ്തബ്ദരായിപ്പോയ ഇരുവരും പദ്ധതി പാളിയെന്ന് മനസ്സിലാക്കി  ഇരുകൈകളും തലയിൽ കമഴ്ത്തിവച്ചുകൊണ്ട് സ്ഥലം കാലിയാക്കുകയായിരുന്നു.അന്നുമുതൽ ഈ നിമിഷംവരെ സത്യവിശ്വാസികളോട് വൈരനിര്യാതനബുദ്ധിയോടെയാണ് ഇരുവരും പെരുമാറിപ്പോരുന്നത്. ഒരു സന്ധിസംഭാഷണത്തിനു പോലും  തയ്യാറാകാതെ നേരേ ഹൈക്കോടതിയിലേക്കാണ് മാർ ജോസഫ് പാംബ്ലാ നി പിതാവ് വച്ചുപിടിച്ചത്. പള്ളിയിൽനിന്ന് വിശ്വാസികളെ ബലമായി പുറത്താക്കുക എന്നതു മാത്രമായിരുന്നു കോടതിയുടെ മുമ്പിൽ അദ്ദേഹം സമർപ്പിച്ച പ്രാർത്ഥന. ആരാധനക്രമത്തിന്റെ കാര്യത്തിൽ കോടതി ഇടപെടുകയേ ചെയ്യരുത് എന്നുകൂടി അഭ്യർത്ഥിച്ചിരുന്നു. തന്റെ വാദമുഖങ്ങൾ കോടതിയിൽ അവതരിപ്പിക്കാനായി അദ്ദേഹം നിയോഗിച്ചതാകട്ടെ മലങ്കര കത്തോലിക്കാ സഭാംഗമായ അഡ്വ. ജോർജ്ജ് വർഗീസ് കണ്ണന്താനത്തിനെയാണ്. ബസിലിക്കയിൽ കുർബാന അർപ്പണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കീഴ്ക്കോടതിവിധികളെല്ലാം മറച്ചുപിടിച്ചുകൊണ്ടാണ് വക്കീലിന് മാർ ജെ. പാംബ്ലാനി വിവരങ്ങൾ കൈമാറിയത്. നിജസ്ഥിതി മനസ്സിലാക്കിയ ഹൈക്കോടതി ജഡ്ജി ബഹു. ബെച്ചു കുര്യൻ തോമസ് INTERIM ORDER പുറപ്പെടുവിക്കാതെ വിശദമായ വാദം കേൾക്കുന്നതിനായി മാറ്റിവയ്ക്കുകയാണുണ്ടായതു്. പിന്നീട് നടന്ന വിശദമായ വാദങ്ങൾക്കു ശേഷം പ്രശ്നം MEDIATI0N ന് വിടാനാണ് തീരുമാനമായത്. അതിൻ പ്രകാരം കോടതി നിർദ്ദേശം പാലിച്ചു കൊണ്ട് സത്യവിശ്വാസികൾ പള്ളി വിട്ടൊഴിയുകയും ചെയ്തു.മീഡിയേഷൻ പ്രവർത്തനങ്ങൾക്കുവേണ്ടിവരുന്ന 5 ലക്ഷം രൂപ പരാതിക്കാരൻതന്നെ കൊടുക്കണമെന്നും വിധിച്ചു. മാത്രമല്ല, ബസിലിക്കയുടെ കീഴിലുളള നിത്യാരാധന ചാപ്പലിലും വി.കുർബാന ഇനി ഒരു ഉത്തരവ് ഉണ്ടാവുന്നതുവരെ പാടില്ല എന്നു കോടതി വിധിക്കുകയും ചെയ്തു. കോടതിയുടെ ശക്തമായ പ്രഹരമേറ്റ് അവശനായിത്തീർന്ന മാർ ജെ. പാംബ്ലാനി തന്റെ കലിപ്പെല്ലാം തീർത്തത് താൻ തന്നെ നിയോഗിച്ച സ്വന്തം വക്കീലിനോട് ആക്രോശിച്ചു കൊണ്ടാണ്. മാർ ജെ. പാംബ്ലാനിയുടെ നിർലജ്ജമായ ഈ പെരുമാറ്റരീതിയെക്കുറിച്ച് കണ്ണന്താനം വക്കീൽ പ്രതികരിച്ചതു് ഇപ്രകാരമാണ്.....എന്റെ ജീവിതത്തിൽ ആദ്യമായാണ് ഒരു മെത്രാൻ എന്നോട് ആക്രോശിച്ചു സംസാരിക്കുന്നത് നേരിട്ട് അനുഭവിക്കേണ്ടി വന്നത്.ഇതിൽനിന്ന് നമ്മൾ മനസ്സിലാക്കേണ്ടത് മാർ ജെ. പാംബ്ലാനി പിതാവിനു വിവേകപൂർണ്ണമായ മനുഷ്യത്വവും പക്വതയാർന്ന ആത്മീക വ്യക്തിത്വവുമില്ല എന്നാണ്. പിഞ്ചിലേ പഴുത്താൽ നഞ്ച് എന്ന് പഴമക്കാർ പറയുന്നത് ഇവിടെ എത്രയോ അന്വർത്ഥമാണ്!
ബ്രദർ ജിൻസൻ ചിറ്റൂപ്പറമ്പൻ, ബാംഗ്ലൂർ

Tags

Share this story

From Around the Web