ഇസ്രായേലിലെ മാരോണൈറ്റ് പ്രാര്‍ത്ഥന കേന്ദ്രത്തിന് നേരെ ആക്രമണംഅപലപിച്ചു ഹൈഫ അതിരൂപത മെത്രാപോലീത്ത
ഇസ്രായേല്‍ : വടക്കന്‍ ഇസ്രായേലിലെ നഹാരിയയിലുള്ള മാരോണൈറ്റ് കത്തോലിക്ക പ്രാര്‍ത്ഥന കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തെയും അക്രമ സംഭവങ്ങളെയും ശക്തമായി അപലപിച്ച് ഹൈഫ അതിരൂപത മെത്രാപോലീത്ത. സകലവിശുദ്ധരുടെയും തിരുനാള്‍ ദിനമായ നവംബര്‍ ഒന്നിനാണ് സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ മാരോണൈറ്റ് പ്രാര്‍ത്ഥനാ ഹാളില്‍ അജ്ഞാതര്‍ അതിക്രമം നടത്തിയത്.
ഞായറാഴ്ച വൈകുന്നേരം പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ എത്തിയപ്പോഴാണ് പ്രാര്‍ത്ഥനാ ഹാള്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അള്‍ത്താരയിലെ ക്രൂശിതരൂപവും തിരുസ്വരൂപങ്ങളും വിശുദ്ധ ചിത്രങ്ങളും നിലത്തിട്ട് തല്ലിത്തകര്‍ക്കുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്തു .
സംഭവത്തെ ശക്തമായി അപലപിച്ചുകൊണ്ട് ഹൈഫയിലെ മാരോണൈറ്റ് ആര്‍ച്ച് ബിഷപ്പ് മൂസ എല്‍-ഹാജ് പ്രസ്താവന പുറത്തിറക്കി. ആരാധനാലയങ്ങളുടെ വിശുദ്ധിയെയും സ്വതന്ത്രമായി പ്രാര്‍ത്ഥിക്കാനുള്ള വിശ്വാസികളുടെ അവകാശത്തെയും ഹനിക്കുന്ന ഇത്തരം പ്രവൃത്തികള്‍ ഒരു തരത്തിലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.
തിന്മയെ വിദ്വേഷം കൊണ്ടോ പ്രതികാരം കൊണ്ടോ നേരിടാന്‍ സഭ ആഗ്രഹിക്കുന്നില്ലെങ്കിലും, ക്ഷമിക്കുക എന്നതിനര്‍ത്ഥം നീതി നിഷേധിക്കപ്പെടുകയോ നിയമവ്യവസ്ഥയെ അവഗണിക്കുകയോ അല്ലെന്നും പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു.
സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആരാധനാലയങ്ങള്‍ക്ക് ഭരണകൂടം പൂര്‍ണ്ണ സംരക്ഷണം നല്‍കണമെന്നും സഭാ നേതൃത്വം ആവശ്യപ്പെട്ടു. അതേസമയം, കുറ്റവാളിയോട് പൂര്‍ണ്ണമായി ക്ഷമിക്കുന്നതായും മാനസികമായി തകര്‍ന്ന ഒരാളായിരിക്കാം ഇതിന് പിന്നിലെന്നും ഇടവക വികാരി ഫാ. റോഡി നൗറ പ്രതികരിച്ചു. സംഭവത്തില്‍ ഇസ്രായേല്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.