ഇൻസ്റ്റാഗ്രാമിലെ ബാലപീഡന പരസ്യങ്ങൾ കേന്ദ്രം പൂട്ടിയതോടെ മുട്ടുമടക്കി മെറ്റ; ഇന്ത്യയിൽ മാത്രം ആറുമാസത്തിനിടെ പൂട്ടിയത് 1,60,000 അക്കൗണ്ടുകൾ
ഡല്‍ഹി: ഇന്‍സ്റ്റാഗ്രാം പരസ്യങ്ങളിലൂടെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നു എന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ കടുത്ത ആശങ്കകളോട് പ്രതികരിച്ച് പ്രമുഖ സോഷ്യല്‍ മീഡിയ കൂട്ടായ്മയായ മെറ്റ രംഗത്തെത്തി.
തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ നിന്ന് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചുകൊണ്ട് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഈ സാങ്കേതിക ഭീമന്മാര്‍ വിശദമായ ബ്ലോഗ് പ്രസിദ്ധീകരിച്ചു.
കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യയില്‍ മാത്രം ഇത്തരത്തിലുള്ള സംശയാസ്പദമായ ലിങ്കുകള്‍ പ്രചരിപ്പിച്ച 1,60,000 അക്കൗണ്ടുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ നീക്കം ചെയ്തതായി മെറ്റ വ്യക്തമാക്കി.
ഇന്‍സ്റ്റാഗ്രാമിലെ പണം നല്‍കിയുള്ള പരസ്യങ്ങളിലൂടെ കുട്ടികളെ ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കേന്ദ്ര ഐ.ടി മന്ത്രാലയം മെറ്റയ്ക്ക് ശക്തമായ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം.
കുട്ടികളെ ചൂഷണം ചെയ്യുന്നത് ഭീകരമായ കുറ്റകൃത്യമാണെന്നും തങ്ങള്‍ ഇതിനെതിരെ ശക്തമായ പ്രതിരോധമാണ് തീര്‍ക്കുന്നതെന്നും മെറ്റ അറിയിച്ചു. ഇത്തരം തെറ്റായ താല്പര്യങ്ങളുള്ള ആളുകളിലേക്ക് കുട്ടികള്‍ ഉള്‍പ്പെടുന്ന പരസ്യങ്ങള്‍ ബോധപൂര്‍വ്വം എത്തിക്കുന്നു എന്ന ആരോപണം പൂര്‍ണ്ണമായും തെറ്റാണെന്നും കമ്പനി അവകാശപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ സംശയാസ്പദമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 40 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ തങ്ങള്‍ സ്വയമേവ റദ്ദാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ വിഷയം ശ്രദ്ധയില്‍പ്പെടുത്തുന്നതിന് മുമ്പ് തന്നെ തങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ പല നിയമലംഘന പരസ്യങ്ങളും അവയ്ക്ക് പിന്നിലെ അക്കൗണ്ടുകളും കണ്ടെത്തി പ്രവര്‍ത്തനരഹിതമാക്കിയിരുന്നുവെന്നും, തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ പരസ്യങ്ങളും ലിങ്കുകളും ബ്ലോക്ക് ചെയ്തതായും മെറ്റ കൂട്ടിച്ചേര്‍ത്തു.
ഇന്‍സ്റ്റാഗ്രാമിലെ പരസ്യങ്ങളിലൂടെ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്ന ബി.ബി.സി റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം മെറ്റയ്ക്ക് നോട്ടീസ് അയച്ചത്.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങളും ഉള്ളടക്കങ്ങളും അടിയന്തിരമായി നീക്കം ചെയ്യണമെന്നും, ഏഴ് ദിവസത്തിനകം വിഷയത്തില്‍ കൃത്യമായ വിശദീകരണം നല്‍കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. മെറ്റയുടെ ശുപാര്‍ശ അല്‍ഗോരിതം ഇത്തരം മോശം വീഡിയോകളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന കണ്ടെത്തല്‍ വലിയ സുരക്ഷാ വീഴ്ചയാണ് ചൂണ്ടിക്കാണിക്കുന്നത്.