മെസ്സി തട്ടിപ്പ്: നിർണായക ഫയലുകൾ തേടി എസ്.ഐ.ടി; കായിക, ധനവകുപ്പ് സെക്രട്ടറിമാർക്ക് കത്ത്.പ്രധാനപ്പെട്ട പല ഫയലുകളും കായിക വകുപ്പിന്‍റെ പക്കലില്ലെന്ന് വ്യക്തമാക്കുന്നതാണ് എൻ. പ്രശാന്തിന്‍റെ റിപ്പോർട്ട്
തിരുവനന്തപുരം: ഫുട്ബാൾ ഇതിഹാസം ലേയണൽ മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം (എസ്.ഐ.ടി) ഇതുസംബന്ധിച്ച ഫയലുകള്‍ ആവശ്യപ്പെട്ട് സർക്കാറിന് കത്ത് നൽകി.
ഫയലുകൾ ആവശ്യപ്പെട്ട് കായിക, ധനവകുപ്പ് സെക്രട്ടറിമാർക്കാണ് അന്വേഷണ സംഘത്തലവൻ എ.ഡി.ജി.പി പി. വിജയൻ കത്ത് നൽകിയത്.
മെസ്സിയെ കൊണ്ടുവരാനെന്ന പേരിൽ സർക്കാറിന്‍റെയും സ്വകാര്യ കമ്പനിയുടെയും പേരിലുള്ള കത്ത് ഇടപാടുകളും, ജി.എസ്.ടി ഈടാക്കുന്നതിലുണ്ടായ വീഴ്ചസംബന്ധിച്ച ഫയലുകളും ഉള്‍പ്പെടെയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്.
എന്നാൽ, പ്രധാനപ്പെട്ട പല ഫയലുകളും കായിക വകുപ്പിന്‍റെ പക്കലില്ലെന്ന് വ്യക്തമാക്കുന്നതാണ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തിന്‍റെ റിപ്പോർട്ട്.
ഫയലുകള്‍ സർക്കാറിൽനിന്ന് വാങ്ങി അന്വേഷണം നടത്തി, ക്രമക്കേട് കണ്ടെത്തിയാൽ അഴിമതി നിരോധന നിയമം പോലുള്ള നിയമപ്രകാരം കേസെടുത്ത് മുന്നോട്ടുപോകാനും എസ്.ഐ.ടിക്ക് അനുമതി നൽകിയുള്ള ഉത്തരവാണ് കഴിഞ്ഞദിവസം ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറി പുറത്തിറക്കിയത്.
അതിന്‍റെ അടിസ്ഥാനത്തിൽ എസ്.ഐ.ടി ഉദ്യോഗസ്ഥർ യോഗം ചേർന്ന് പ്രാഥമിക വിലയിരുത്തൽ നടത്തിയ ശേഷമാണ് ഫയലുകൾ ആവശ്യപ്പെട്ട് കത്ത് നൽകിയത്. എ.ഡി.ജി.പി പി. വിജയൻ, ഐ.ജി സതീഷ് ബിനോ എന്നിവർ നേരിട്ടും മറ്റു മൂന്ന് ഉദ്യോഗസ്ഥർ ഓൺലൈനിലൂടെയുമാണ് യോഗത്തിൽ പങ്കെടുത്തത്.
സർക്കാറിൽനിന്ന് ഫയലുകൾ ലഭിച്ചശേഷം എസ്.ഐ.ടി വീണ്ടും യോഗം ചേരും. തുടർന്ന് അന്വേഷണസംഘം വിപുലീകരിക്കും. സാമ്പത്തിക കുറ്റാന്വേഷണ ഉദ്യോഗസ്ഥരെയും വിജിലൻസ് ഉദ്യോഗസ്ഥരെയും സംഘത്തിലുൾപ്പെടുത്തുമെന്നാണ് വിവരം. തട്ടിപ്പിൽ ഒമ്പത് കാര്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും എസ്.ഐ.ടി അന്വേഷണം.