കളിക്കളത്തിലെ പോലെ വീട്ടിലും സ്മാര്‍ട്ടാണ് മെസി.13 വയസ്സ് തികയുന്നതുവരെ മക്കള്‍ക്ക് സ്വന്തമായി സ്മാര്‍ട്ട്ഫോണ്‍ വാങ്ങി നല്‍കില്ലെന്ന് കര്‍ശന തീരുമാനം
ലോകം മുഴുവന്‍ ആരാധിക്കുന്ന മഹാത്മാവായിട്ടും കുടുംബജീവിതത്തിന്റെ സ്വകാര്യതയ്ക്കും കുട്ടികളുടെ കൃത്യമായ വളര്‍ച്ചയ്ക്കും വലിയ വില കല്‍പ്പിക്കുന്ന മെസി.
മെസിക്കും ഭാര്യ അന്റോണെല്ല റോക്കുസോയ്ക്കും തിയാഗോ, മാറ്റിയോ, സിറോ എന്നിങ്ങനെ മൂന്ന് ആണ്‍മക്കളാണുള്ളത്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ ഭൂരിഭാഗം കുട്ടികളും മൊബൈല്‍ ഫോണിന് അടിമപ്പെടുമ്പോള്‍, മെസിയുടെ വീട്ടിലെ നിയമങ്ങള്‍ തികച്ചും വ്യത്യസ്തമാണ്.
തന്റെ കുട്ടികള്‍ മൊബൈല്‍ ഫോണുകളോ മറ്റ് സ്മാര്‍ട്ട് ഡിവൈസുകളോ അമിതമായി ഉപയോഗിക്കുന്നതിനെ മെസിയും അന്റോണെല്ലയും ശക്തമായി എതിര്‍ക്കുന്നു.
മക്കള്‍ക്ക് സ്വന്തമായി മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാന്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഈ താരത്തിന് ഒരു പ്രയാസവുമില്ല.
എന്നാല്‍ കുട്ടികള്‍ക്ക് 13 വയസ്സ് തികയുന്നതുവരെ അവര്‍ക്ക് സ്വന്തമായി സ്മാര്‍ട്ട്ഫോണ്‍ വാങ്ങി നല്‍കില്ലെന്ന കര്‍ശന തീരുമാനത്തിലാണ് ഈ ദമ്പതികള്‍.
സാങ്കേതികവിദ്യയുടെ അമിതമായ ഉപയോഗം കുട്ടികളുടെ വ്യക്തിത്വ വികാസത്തെയും സാമൂഹിക ബന്ധങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന തിരിച്ചറിവാണ് മെസിയെ ഇത്തരമൊരു നിലപാടിലേക്ക് നയിച്ചത്.
ആഗോളതലത്തില്‍ ശ്രദ്ധേയനായ ഒരു കായികതാരമായിട്ടും മക്കളുടെ കാര്യത്തില്‍ ലളിതവും അച്ചടക്കമുള്ളതുമായ ജീവിതരീതിയാണ് അദ്ദേഹം പിന്തുടരുന്നത്.
മൊബൈല്‍ ഫോണ്‍ നിയന്ത്രണം മാത്രമല്ല കുട്ടികളുടെ കാര്യത്തില്‍ മെസി നടപ്പിലാക്കിയിട്ടുള്ള ഏക നിയമം. തിയാഗോയും മാറ്റിയോയും സിറോയും ഇതിനകം തന്നെ ഫുട്‌ബോള്‍ മൈതാനങ്ങളില്‍ തങ്ങളുടെ അസാധാരണമായ കഴിവ് തെളിയിച്ചു കഴിഞ്ഞവരാണ്.
അച്ഛന്റെ വഴിയേ ഫുട്‌ബോളില്‍ മികച്ച ഭാവി കെട്ടിപ്പടുക്കാന്‍ അവര്‍ക്ക് സാധിക്കുമെന്ന് ഉറപ്പാണെങ്കിലും, ഫുട്‌ബോളിനൊപ്പം മികച്ച വിദ്യാഭ്യാസവും അവര്‍ നേടിയെടുക്കണമെന്ന് മെസിക്ക് നിര്‍ബന്ധമുണ്ട്. മൈതാനത്തെ നേട്ടങ്ങള്‍ക്കൊപ്പം തന്നെ ക്ലാസ് മുറികളിലെ അറിവും കുട്ടികള്‍ക്ക് ഉണ്ടാവണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
സ്‌പോര്‍ട്‌സിനൊപ്പം തന്നെ മക്കളുടെ പഠനകാര്യത്തിലും ഇത്രയധികം കണിശത കാണിക്കുന്നതിന് പിന്നില്‍ മെസിക്ക് സ്വന്തമായ ഒരു കാരണമുണ്ട്. കൗമാരപ്രായത്തില്‍ തന്നെ ഫുട്‌ബോള്‍ കരിയര്‍ കെട്ടിപ്പടുക്കുന്നതിനായി അദ്ദേഹം സ്‌പെയിനിലെ ബാഴ്‌സലോണ ക്ലബ്ബിലേക്ക് ചേക്കേറിയിരുന്നു.
കളിയില്‍ പൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നതിനാല്‍ അദ്ദേഹത്തിന് തന്റെ ഔദ്യോഗിക വിദ്യാഭ്യാസം കൃത്യമായ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. കളിയില്‍ ലോകത്തിന്റെ നെറുകയില്‍ എത്തിയെങ്കിലും അക്കാദമിക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന്റെ വേദന ഇപ്പോഴും അദ്ദേഹത്തിനുണ്ട്.
തന്റെ ജീവിതത്തില്‍ സംഭവിച്ച ഈ കുറവ് മക്കളുടെ കാര്യത്തില്‍ ആവര്‍ത്തിക്കരുത് എന്ന ചിന്തയിലാണ് വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കാന്‍ മെസി കുട്ടികളോട് ആവശ്യപ്പെടുന്നത്.