മെസി തട്ടിപ്പ് കേസ്; വി. അബ്ദുറഹിമാനെതിരെ പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍, കേസില്‍ ഉള്‍പ്പെട്ട മറ്റ് വ്യക്തികള്‍ക്കെതിരെയും സമാനമായ കുറ്റങ്ങള്‍ ചുമത്തി
തിരുവനന്തപുരം: മെസിയുടെ പേരില്‍ നടന്ന തട്ടിപ്പ് കേസില്‍ മുന്‍മന്ത്രി വി. അബ്ദുറഹിമാനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്താന്‍ തീരുമാനം. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍, അനധികൃതമായി ആനുകൂല്യം സ്വീകരിക്കല്‍, പൊതുസ്വത്ത് ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തുക. പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗവര്‍ണറുടെ അനുമതി ലഭിച്ചതിനു പിന്നാലെ ആഭ്യന്തര വകുപ്പില്‍ നിന്ന് ഇതുസംബന്ധിച്ച നിര്‍ദേശം പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 7, 11, 13(1)(എ), 13(2) എന്നിവ പ്രകാരമായിരിക്കും നടപടി. വി. അബ്ദുറഹ്മാനെ വൈകാതെ കേസില്‍ പ്രതിചേര്‍ക്കും.
അബ്ദുറഹ്മാനെ കൂടാതെ അദ്ദേഹത്തിന്റെ മുന്‍ സ്റ്റാഫ് അംഗം സി.സി സത്യപാല്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ഷറഫ് അലി എന്നിവര്‍ക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്താനാണ് നീക്കം. ഇവരെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടന്നേക്കും. അറസ്റ്റടക്കമുള്ള തുടര്‍നടപടികളും അന്വേഷണത്തിന്റെ ഭാഗമായി പരിഗണനയിലുണ്ട്.
നിലവില്‍ കേസില്‍ ആന്‍ഡോ അഗസ്റ്റിനാണ് ഒന്നാം പ്രതി. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയാണ് രണ്ടാം പ്രതി. കൂടുതല്‍ പേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതോടെ ആകെ പ്രതികളുടെ എണ്ണം അഞ്ചാകും. കേസില്‍ മറ്റുള്ളവരുടെ പങ്കും വിശദമായി അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.